നീന ശ്രീകാന്തിന്റെ മരണം; വിദഗ്ധ സംഘം അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം നീന ശ്രീകാന്ത് എന്ന പെണ്‍കുട്ടി മരിച്ച സംഭവം ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ കൊണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണവും റിപ്പോര്‍ട്ടും നിഷ്പക്ഷവും സത്യസന്ധവുമാകാന്‍ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിക്കണം. ബന്ധപ്പെട്ട ആശുപത്രികളിലെ രേഖകള്‍ പരിശോധിച്ചും പരാതിക്കാരനെയും ബന്ധപ്പെട്ട ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സാക്ഷികളെയും വിസ്തരിച്ചും വേണം അന്വേഷണം നടത്തേണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മേയ് 25 നകം കമ്മിഷന്‍ ഓഫിസില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.
മീനച്ചില്‍ കാണക്കാരി വെമ്പള്ളി സ്വദേശി ശ്രീകാന്ത് മാത്യു നല്‍കിയ പരാതിയിലാണ് നടപടി. ശ്രീകാന്തിന്റെ മകള്‍ നീന ശ്രീകാന്ത് 2018 ഓഗസ്റ്റ് 18 നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. 18ന് രാവിലെ ചര്‍ദിലിനെ തുടര്‍ന്നാണ് നീനയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഡ്രിപ്പ് ഇട്ടു. ഇതിനിടയില്‍ പനി കൂടി. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നിട്ടും ഡ്യൂട്ടി ഡോക്ടറോ നഴ്‌സുമാരോ തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. മകളുടെ ജീവന്‍ നഷ്ടപ്പെട്ട വിവരം അവിടെ നിന്നാണ് പിതാവ് അറിഞ്ഞത്.
കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നു കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പനിയുണ്ടെന്ന് അറിയിച്ചപ്പോള്‍ അത്യാഹിത വിഭാഗത്തിലെ തിരക്ക് കാരണമാണ് പനി പരിശോധിക്കാതിരുന്നതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നീനയുടെ മരണത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴവ് ഉണ്ടായതായി കാണുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. നീനയുടെ ജീവന്‍ നഷ്ടപ്പെട്ട വിവരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് തന്നെ അറിയിച്ചതെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് പുറമെ കോട്ടയം മെഡിക്കല്‍ കോളജിലും അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ ഉത്തവില്‍ പറഞ്ഞു. മേഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സത്വരമായി വിഷയത്തില്‍ ഇടപെടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."