കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതക്കിരയായ ഏഴു വയസുകാരന്‍ മരണത്തിനു കീഴടങ്ങി: മരണം മര്‍ദനം നടന്ന് പത്താം നാള്‍
കോട്ടയം: പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലമായി. കണ്ണില്‍ചോരയില്ലാത്ത ക്രൂരതക്കിരയായ തൊടുപുഴയിലെ
ഏഴു വയസുകാരനെ ഒടുവില്‍ മരണം കൂടെ വിളിച്ചു. ഇന്നു രാവിലെ 11 35 ഓടെയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. പത്തു ദിവസമായി കുട്ടി വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടായിരുന്നു.
കുട്ടിയുടെ അമ്മയുടെ ആണ്‍ സുഹൃത്ത് അരുണ്‍ ആനന്ദ് ആണ് ഈ ക്രൂരകൃത്യം ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരേ നേരത്തെ തന്നെ നാലു കേസുകള്‍ ഉണ്ടായിരുന്നു.
കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ ഉണ്ടാകുകയുള്ളൂ.
കുട്ടിയുടെ ചികിത്സാ സഹായം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
ഇടുക്കി ജില്ലയില്‍ നിന്ന് കുട്ടികള്‍ക്കെതിരേ രക്ഷിതാക്കളോ രണ്ടാനച്ഛന്‍മാരുടെയോ പീഡനങ്ങള്‍ക്കിരയാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കുമളിയില്‍ നിന്ന് പീഡനത്തിനിരയായ ശഫീഖിന്റെ കാര്യം മറക്കാറായിട്ടില്ല. അന്ന് അഞ്ചു വയസ്സായിരുന്നു ശഫീഖിന്റെ പ്രായം. അച്ഛനും അമ്മയും ഉപേക്ഷിച്ച ശഫീഖിനെ ഇപ്പോഴും സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. ഇപ്പോഴും ശഫീഖ് പൂര്‍ണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
ആരോമല്‍ എന്ന കുട്ടിയെ പട്ടിക്കൂട്ടില്‍ കെട്ടിയിട്ട് രണ്ടാനച്ഛനും മാതാവും മര്‍ദിച്ച സംഭവവും ഇടുക്കിയില്‍ നിന്ന് അടുത്തകാലത്തു കേട്ട കഥയാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഒന്നോ രണ്ടോ വാര്‍ത്തക്കപ്പുറം ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളൊന്നുമുണ്ടാകുന്നില്ല.
മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ്. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുണ്‍ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം.
പത്തു ദിവസം മുമ്പ് പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍.
എട്ട് മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്‌കൂളില്‍ ചേര്‍ത്തത്.
2008ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."