സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ല; അരിക്ക് പൊള്ളുംവില
മലപ്പുറം: അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലും ഫലം കണ്ടില്ല. സപ്ലൈകോ വിലയില്‍ കുറവുണ്ടെങ്കിലും പൊതുവിപണിയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു കിലോ അരിക്ക് 32 രൂപ മുതല്‍ മേലോട്ടാണ് വിപണിവില. 28 രൂപയുണ്ടായിരുന്ന കുറുവ അരിക്ക് 39.50 രൂപയാണ് മൊത്തവില്‍പ്പന കേന്ദ്രത്തിലെ വില.
പൊന്നി അരിക്ക് 28 രൂപയില്‍നിന്ന് 36 രൂപയും ജയ അരിക്ക് 42 രൂപയും നല്‍കണം. 25 രൂപയുണ്ടായിരുന്ന പഞ്ചാബി പച്ചരിക്ക് 28.50 രൂപയാണ് പുതിയ വില. ബംഗാള്‍ ബോധനയരി ചില്ലറ വില്‍പ്പനകേന്ദ്രത്തില്‍ 31.50 രൂപയും മൊത്ത വില്‍പ്പനകേന്ദ്രത്തില്‍ 27.50 രൂപയും നല്‍കണം. നാല് മാസം മുന്‍പ് 21 രൂപക്ക് വില്‍പ്പന നടത്തിയ അരിയാണിത്. സുരേഖ അരിക്ക് 36.50 രൂപയാണ് മൊത്തവില്‍പ്പനകേന്ദ്രത്തിലെ വില. അതേസമയം, സപ്ലൈകോയില്‍ ജയ അരിക്ക് 25 രൂപയാണ്. എന്നാല്‍, സപ്ലൈകോകളിലൊന്നും ആവശ്യത്തിന് അരിയില്ല.
വില നിലവാരം പ്രദര്‍ശിപ്പിച്ച ബോര്‍ഡ് മാത്രമാണ് പല സ്‌റ്റോറിലുമുള്ളത്. പലവ്യഞ്ജനങ്ങളില്‍ ചിലയിനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വിലയാണ് സപ്ലൈകോ സ്‌റ്റോറുകളില്‍. കിലോക്ക് 70 രൂപയുള്ള വറ്റല്‍ മുളകിന് 75 രൂപയും 85 രൂപയുള്ള മല്ലിക്ക് 92 രൂപയുമാണ് വില. അരി, ഉഴുന്ന്, തുവരപരിപ്പ്, മുളക് തുടങ്ങിയവ സംഭരണ കേന്ദ്രത്തില്‍നിന്നു തന്നെ സപ്ലൈകോ നേരിട്ടുവാങ്ങി വില്‍പ്പനക്കെത്തിച്ചാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടത്. ഇത് സ്‌പ്ലൈകോ വഴിയും അരിക്കടവഴിയുമുള്ള വിലയില്‍ ചെറിയമാറ്റം വരുത്തിയെങ്കിലും പൊതുവിപണിയില്‍ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. പൊതുവിപണിയില്‍ തുവരപ്പരിപ്പ്-90, വന്‍പയര്‍-80, ഉഴുന്ന് 95, ചെറുപയര്‍-80, കടല- 100 എന്നിങ്ങനെയാണ് ചില്ലറ വില. പഞ്ചസാര - 41.60 രൂപയാണ് മൊത്തവില.
വരള്‍ച്ച മൂലം പല സംസ്ഥാനങ്ങളിലും ഭക്ഷ്യ ഉല്‍പാദനത്തില്‍ കുറവുണ്ടായിരുന്നു. ഇതാണ് കേരളത്തില്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ കാരണമായത്. ഇത് മാര്‍ച്ച് പത്തോടെ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായാണ് അരിക്കടകള്‍ തുറന്നതും. എന്നാല്‍, ഏപ്രില്‍ ആദ്യവാരത്തോടെ ആന്ധ്രയിലെ വിളവെടുപ്പ് പൂര്‍ത്തിയായി അരിയെത്തേണ്ട സമയം കഴിഞ്ഞെങ്കിലും അരി വില മാറ്റമില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."