പ്രവാസിയുടെ മൃതദേഹത്തോട് അനാദരവ്: കെ.എം.സി.സി പരാതി നല്‍കി
കോഴിക്കോട്: വിദേശത്തുനിന്ന് നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞുവീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാണിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഓവര്‍സീസ് കെ.എം.സി.സി ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം വാണിമേല്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. ജീവന്‍ പൊലിഞ്ഞ പ്രവാസിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളയം സി.എച്ച്.സി കോമ്പൗണ്ടില്‍ മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ സംവിധാനത്തിലെ അനാവശ്യ സാങ്കേതികത്വം കാരണമാണ് ക്വാറന്റൈയിനിലുളളയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നിഷേധിച്ചത്. അര മണിക്കൂറിന് ശേഷം പൊലിസ് അനുമതിയില്‍ സ്വകാര്യ വാഹനത്തില്‍ രോഗിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനക്കും തുടര്‍ നടപടികള്‍ക്കുമായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ആംബുലന്‍സ് ലഭിച്ചില്ലെന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം അനാസ്ഥ അവസാനിപ്പിക്കാന്‍ ഭരണകൂടത്തിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."