കൊറോണ വൈറസ് മസ്തിഷ്‌കത്തെ ബാധിച്ചേക്കുമെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍: കൊറോണ വൈറസ് തലച്ചോറിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കൊവിഡ് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളില്‍ ബുദ്ധിഭ്രമം, ഉന്മാദം, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് താല്‍ക്കാലിക മസ്തിഷ്‌ക തകരാറുകള്‍, ഹൃദയാഘാതം, നാഡീ തകരാറുകള്‍, മറ്റ് ഗുരുതരമായ മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടെന്ന് കണ്ടെത്തിയെന്നും ബ്രയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.
'1920കളിലും 1930കളിലും പൊട്ടിപ്പുറപ്പെട്ട എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക എന്ന ഉറക്കരോഗാവസ്ഥയ്ക്ക് സമാനമായ മസ്തിഷ്‌ക തകരാറ് ഉണ്ടാവാന്‍ സാധ്യതയുണ്ട്'- ലണ്ടന്‍ ശാസ്ത്രസംഘത്തിലെ ഗവേഷകനായ മൈക്കിള്‍ സാന്‍ഡി പറഞ്ഞു. ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടെങ്കിലും പ്രതികരിക്കാനാവാതെ മരവിപ്പില്‍ തുടരേണ്ടിവരുന്ന അവസ്ഥയാണ് എന്‍സെഫലൈറ്റിസ് ലെതാര്‍ജിക്ക. വിശപ്പോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കാന്‍ ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കഴിയില്ല.
കൊവിഡ് വൈറസ് തലച്ചോറിനെ ബാധിക്കുമെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂറോ ഗവേഷകരും മസ്തിഷ്‌ക വിദഗ്ധരും പറയുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, പഠനം നടത്തിയ ഒമ്പത് രോഗികളില്‍ അക്യൂട്ട് ഡിസെമിനേറ്റഡ് എന്ന അവസ്ഥയുണ്ടായതായി കണ്ടെത്തിയെന്നാണ്. വൈറസ് ബാധ മൂലം കുട്ടികളില്‍ കണ്ടുവരുന്ന നാഡീവൈകല്യമാണ് അക്യൂട്ട് ഡിസെമിനേറ്റഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."