ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ കണക്കെടുക്കുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് - 19 നഗര, ഗ്രാമ പ്രദേശങ്ങളില്‍ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ വെന്റിലേറ്ററുകളുടെ കണക്കെടുക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡോക്ക് നിര്‍ദേശം നല്‍കി.
ചില താലൂക്കുകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളില്ലാത്തത് സര്‍ക്കാരിന് ഭീഷണിയായിരിക്കുകയാണ്. നിലവില്‍ ഗ്രാമ പ്രദേശങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടുമെന്നു തന്നെയാണ് വിലയിരുത്തല്‍. രോഗം സ്ഥിരീകരിക്കുന്നതില്‍ ആറിലൊരാള്‍ക്ക് ഗുരുതരമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പ്. ഗുരുതര രോഗം ബാധിക്കുന്നവര്‍ക്ക് ശ്വാസതടസമുണ്ടാകാം. ഇതു കണക്കിലെടുത്താണ് ലഭ്യമായ വെന്റിലേറ്ററുകളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം നടന്ന കൊവിഡ് അവലോകന യോഗത്തില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയാണ് നടന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന പൊന്നാനിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയിരുന്നെങ്കില്‍ കൈവിട്ടുപോകുമായിരുന്നെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ ചൂണ്ടിക്കാട്ടി. പൊന്നാനി താലുക്ക് ആശുപത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമില്ല. സ്വകാര്യ മേഖലയില്‍ പത്തില്‍ താഴെ വെന്റിലേറ്റര്‍ മാത്രമാണ് ലഭ്യമായിരുന്നത്. പൊന്നാനിയില്‍ കൂടുതല്‍ ഗുരുതരമായ രോഗികളെത്താത്തതിനാല്‍ അതു തരണം ചെയ്തു.
മതിയായ വെന്റിലേറ്ററുകള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് നിര്‍ദേശം നല്‍കുകിയിട്ടുമുണ്ട്. ഏകദേശ കണക്കനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ 6,000ത്തോളം വെന്റിലേറ്ററുകളുണ്ട്. എല്ലാ വെന്റിലേറ്ററുകളും കൊവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവയ്ക്കാനാവില്ല. വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള മറ്റു രോഗികളുമുണ്ട്. അതിനാല്‍ തന്നെ വ്യാപകമായ സമൂഹവ്യാപനമുണ്ടായാല്‍ മരണസംഖ്യ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."