'സൈന്യം മോദി സേന' പരാമര്‍ശം: യോഗിക്ക് താക്കീത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദിസേന എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കര്‍ശന താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മിഷന്. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാം തീയതി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താനും ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. വിവാദ പരാമര്‍ശങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. സംസാരം ശ്രദ്ധയോടെ വേണമെന്നും യോഗിക്ക് കമ്മിഷന് മുന്നറിയിപ്പ് നല്കി.
ഭീകരര്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി വിളമ്പുമ്പോള്‍, മോദി സേന(പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈന്യം) ഭീകരര്‍ക്ക് വെടിയുണ്ടകളും ബോംബുകളുമാണ് വിളമ്പുന്നതെന്നാണ് യോഗി പറഞ്ഞത്.
പരാമര്‍ശത്തിനു പിന്നാലെ യോഗിക്കും ബി.ജെ.പിക്കുമെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവിധ പാര്‍ട്ടി നേതാക്കളും യോഗിയെ വിമര്‍ശിച്ചു. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി.കെ സിങും യോഗിക്കെതിരേ രംഗത്തെത്തി.
ഇന്ത്യന്‍ സൈന്യം ഏതെങ്കിലും വ്യക്തിയുടേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടം ലംഘിച്ച യോഗിയോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."