അക്ഷരയജ്ഞത്തിനായി നഗരമൊരുങ്ങി
തിരുവനന്തപുരം: സമ്പൂര്‍ണ സാക്ഷര നഗരത്തിനായി നഗരസഭയും സാക്ഷരതാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍വെയിലൂടെ നഗരത്തിലെ നിരക്ഷരരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കാനാണ് പദ്ധതി. ഈ മാസം 14ന് ആണ് സര്‍വേ. ഇതിനു മുന്നോടിയായി 12ന് വൈകിട്ട് 6.30ന് ആശാന്‍ സ്‌ക്വയറില്‍ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിക്കും. 13ന് വൈകിട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭയുടെ കീഴിലെ മുഴുവന്‍ വീടുകളിലും അക്ഷരത്തിരി തെളിയിക്കും. സമ്പൂര്‍ണ സാക്ഷര നഗരം എന്ന നേട്ടം കൈവരിക്കുന്നതിനുവേണ്ടിയാണ് സാക്ഷരതാമിഷനുമായി ചേര്‍ന്ന് അക്ഷര ശ്രീ പദ്ധതി ആരംഭിക്കുന്നതെന്ന് മേയര്‍ വി.കെ പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
14ന് നഗരത്തിലെ എല്ലാ വീട്ടിലുമെത്തി സര്‍വേ പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികളും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരം വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. രാവിലെ 8.30ന് സര്‍വേ ആരംഭിക്കും. അന്നുതന്നെ സര്‍വേ വിവരങ്ങളുടെ ക്രോഡീകരണവും നടക്കും.
നഗരത്തിലെ 100 വാര്‍ഡുകളിലായി രണ്ടര ലക്ഷം വീടുകളാണുള്ളത്. ഓരോ വാര്‍ഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സര്‍വേ. ആകെ 5000 ക്ലസ്റ്റര്‍. ഒരു ക്ലസ്റ്ററിന് രണ്ടുപേര്‍ എന്ന കണക്കില്‍ 10,000 സര്‍വേ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്.
വാര്‍ഡിലെ പൊതുസ്ഥിതി വിദ്യാര്‍ഥികളായ സര്‍വേ വളണ്ടിയര്‍മാരെ ബോധ്യപ്പെടുത്താന്‍ അതത് വാര്‍ഡിലെ റസി. അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുകൂട്ടും. കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയിലുള്ള വാര്‍ഡ് സംഘാടക സമിതിയില്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെയാണ് കണ്‍വീനറാക്കിയിരിക്കുന്നത്.
വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കേഴ്‌സ്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, റസി. അസോസിയേഷന്‍ ഭാരവാഹികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ഓഫിസര്‍മാര്‍, സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകര്‍, റിട്ട. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, തുല്യതാ പഠിതാക്കള്‍ തുടങ്ങിയവര്‍ വാര്‍ഡ് സംഘാടകമസമിതിയില്‍ അംഗങ്ങളാണ്.
സര്‍വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരര്‍ക്കായി വാര്‍ഡുകളില്‍ ഓഗസറ്റ് 15ന് സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര്‍ എന്ന കണക്കിന് നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരതാ ക്ലാസിനുശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സില്‍ ചേരാം. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ അടുത്ത ബാച്ചില്‍ 'അക്ഷരശ്രീ' പദ്ധതിപ്രകാരം 1500 പേര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റ് പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരതതുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍, വഞ്ചിയൂര്‍ പി. ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."