നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; മണി, മഹിജ, ഡി.ജി.പി, സര്‍ക്കാരിനെ കുരിശേറ്റാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങളേറെ
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് നാളെ തുടക്കമാവും. 32 ദിവസാണ് സമ്മേളനം നടക്കുന്നത്. 2017-18 വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുകയാണ് ജൂണ്‍ എട്ടിന് അവസാനിക്കുന്ന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. വിവാദങ്ങളുടെ ഘോഷയാത്രയുമായാണ് ഭരണപക്ഷം സഭാ സമ്മേളനത്തിന് എത്തുന്നത്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടികള്‍ ചെത്തിയൊരുക്കി സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകും.
വൈദ്യുതി മന്ത്രി എം.എം മണിയുടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈയെ അവഹേളിച്ച് നടത്തിയ വിവാദ പ്രസംഗം, മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലും പാപ്പാത്തിച്ചോലയിലെ കുരിശു തകര്‍ക്കലും, ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരേയുള്ള പൊലിസ് നടപടി, വൈദ്യുതി നിരക്ക് വര്‍ധന, ജില്ലാ ബാങ്കുകളെ പിരിച്ചുവിട്ട സഹകരണ ഓര്‍ഡിനന്‍സ്, ഏറ്റവും ഒടുവില്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഐ.പി.എസിന് ക്രമസമാധാന ചുമതല തിരിച്ചു നല്‍കാനുള്ള സുപ്രിംകോടതി ഉത്തരവ് ഇങ്ങനെ പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ഒട്ടേറെ ആയുധങ്ങളാണ് ഭരണപക്ഷം നിറച്ചത്. ഈ ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലെ പ്രതിപക്ഷത്തിന്റെ പ്രായോഗികത പോലിരിക്കും നിയമസഭയുടെ നടത്തിപ്പ്.
ഭരണപക്ഷം എറിഞ്ഞു കൊടുത്ത വിഷയങ്ങളെ പ്രതിപക്ഷം ഏത് രീതിയില്‍ കൈകാര്യം ചെയ്യുന്നിടത്താണ് അവരുടെ വിജയം. വിവാദങ്ങളുടെ പദപയറ്റുമായി കളംനിറഞ്ഞാടുന്ന മന്ത്രി എം.എം മണിയുടെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കാനാണ് സാധ്യത. സഭ നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന് പ്രതിപക്ഷം തയ്യാറെടുത്താല്‍ ബജറ്റ് സമ്മേളനം വഴിപാടായി മാറും. സര്‍ക്കാരിനെ കുരിശേറ്റാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി അടക്കം മണിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞതിനാല്‍ സഭയിലും മണിയെ പ്രതിരോധിക്കുക പ്രയാസകരമാവും. സി.പി.ഐ പരസ്യമായി തന്നെ മണിയുടെ വിവാദ പരാമര്‍ശത്തിനെതിരേ രംഗത്ത് വന്നിരുന്നു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം വെച്ചു പ്രതിരോധിക്കാനാവും ഭരണപക്ഷം തയ്യാറെടുക്കുക. യു.ഡി.എഫിന്റെ കാലത്ത് നടന്ന കൈയേറ്റങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കും. കുരിശു പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് കണ്‍വീനര്‍ക്കും എല്ലാം ഒരേ സ്വരമായിരുന്നു. എന്നാല്‍, യു.ഡി.എഫിലെ യുവനിര നേതാക്കളുടെ നിലപാടിന് എതിരായ നയമാണ് സ്വീകരിച്ചിട്ടുള്ളത്. അടിക്കാന്‍ കിട്ടിയ വടി അവര്‍ നന്നായി ഉപയോഗിക്കും.
കൈയേറ്റം ഒഴിപ്പിക്കലില്‍ റവന്യൂ മന്ത്രി സ്വീകരിക്കുന്ന നിലപാടിനെ മുഖ്യമന്ത്രിയും ട്രഷറി ബഞ്ചും ഏതു രീതിയില്‍ സമീപിക്കുമെന്നത് എല്ലാവരും ഉറ്റുനോക്കുന്നു. മഹിജ വിഷയവും ടി.പി സെന്‍കുമാറിന് അനുകൂലമായ സുപ്രിംകോടതി വിധിയും സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നതായി മാറും. ഭരണപക്ഷം തന്നെ നല്‍കിയ ആയുധങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷ നീക്കം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കൃത്യമായി ഭരണപക്ഷത്തിനെതിരായ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാരിനെ കുരിശേറ്റാന്‍ ഈ വിഷയങ്ങള്‍ തന്നെ ധാരാളം.
ബജറ്റിലെ ധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ആറ് ദിവസവും (മൂന്നുദിവസം ബില്ലുകളും മൂന്നു ദിവസം പ്രമേയങ്ങളും) മാറ്റിവച്ചിട്ടുണ്ട്. നിയമ നിര്‍മാണത്തിനായും ഏതാനും ദിവസങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച നാല് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്.
സഭാ സമ്മേളനം ആരംഭിക്കുന്ന ചൊവ്വാഴ്ച 2017 ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന്റെ അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയവും പരിഗണനയ്‌ക്കെടുക്കും. ഒന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക ദിനമായ 27ന് സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളില്‍ സഭാ സമ്മേളനം ചേരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധിതമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള സുപ്രധാന ബില്ല് അന്ന് അവതരിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."