തീവ്രവാദ പ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമില്ല: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
കൊല്ലം: തീവ്രവാദ പ്രസ്ഥാനങ്ങളുമായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കൊല്ലം ജില്ലാ സമ്മേളനം പാസാക്കിയ പ്രമേയം അറിയിച്ചു. വര്‍ഗീയ വികാരങ്ങള്‍ ഇളക്കി വിടുന്നതിനും തീവ്രതയും മതമൗലികതയും പ്രചരിപ്പിച്ച് സമുദായത്തില്‍ ഭിന്നിപ്പും യുവാക്കളില്‍ ആശങ്കയും ഉണ്ടാക്കിത്തീര്‍ക്കുന്ന വാട്‌സാപ്പ് ഫേസ്ബുക്ക് വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
മതം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും കൂടുതല്‍ സൗകര്യമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നിന്ന് സിറിയ പോലുള്ള രാജ്യങ്ങളില്‍ പോയി തീവ്രവാദങ്ങള്‍ പഠിച്ച് മതത്തിന്റെ പരിവേശത്തില്‍ പ്രചരിപ്പിക്കുകയും അതിന് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ശൈലി ഇന്ന് വാട്‌സാപ്പുകളിലൂടെ വരുന്നുണ്ട്. അതിനെതിരില്‍ യുവാക്കള്‍ക്ക് ഉദ്‌ബോധനം ചെയ്യേണ്ട ബാധ്യത പണ്ഡിതന്മാര്‍ക്കുണ്ട്. ഒരു നിരപരാധിയുടെ ജീവനെടുക്കുന്നത് ലോകത്തെ മുഴുവന്‍ ആളുകളെയും വധിക്കുന്നതിന് സമാനമാണെന്ന് പഠിപ്പിച്ച ഇസ്‌ലാം കൊലപാതകത്തെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് പ്രമേയം വെളിപ്പെടുത്തി.
പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ ഉമര്‍ മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. തേവലക്കര അലിയാരുകുഞ്ഞു മൗലവി, മൈലാപ്പൂര് ഷൗക്കത്തലി മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി സംസാരിച്ചു.
ജില്ലയിലെ ആറ് താലൂക്കുകളെ പ്രതിനിധീകരിച്ച് ഭാരവാഹികളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.പി അബൂബക്കര്‍ ഹസ്രത്ത് (പ്രസി) എ.കെ ഉമര്‍ മൗലവി (ജ. സെക്ര), എ. കോയാക്കുട്ടി മുസ്‌ലിയാര്‍ (ഖജാന്‍ജി) കാരാളി ഇ.കെ സുലൈമാന്‍ ദാരിമി (ഓര്‍ഗനൈസിങ് സെക്ര.) ഒ. അബ്ദുര്‍റഹ്മാന്‍ മൗലവി, യു.കെ അബ്ദുര്‍റഷീദ് മൗലവി (വൈ.പ്രസി) എന്‍. ജാബിര്‍ മൗലവി, തടിക്കാട് ഷിഹാബുദ്ദീന്‍ മൗലവി (സെക്രട്ടറിമാര്‍) എന്നീ ഔദ്യോഗിക ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത്തൊന്നംഗ വര്‍ക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."