കുറവന്‍ ചിറയില്‍ പായല്‍ മാത്രം; അധികൃതര്‍ കാണുന്നില്ലേ?
മാള: നീന്തല്‍ പരിശീലനത്തിനായി നാലുവര്‍ഷം മുന്‍പ് നവീകരിച്ച കുറവന്‍ ചിറ പായല്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി. മാള ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് പതിയാരിയിലാണ് കുറവന്‍ ചിറ. ഒരേക്കറോളം വിസ്തൃതിയുള്ള കുറവന്‍ ചിറ വേനല്‍കാലത്തും ജലസമൃദ്ധമാണ്. നാലു വര്‍ഷം മുന്‍പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് കുറവന്‍ ചിറ നവീകരിച്ചത്. പായലും ചണ്ടിയും കുളവാഴയുമെല്ലാം നീക്കം ചെയ്ത് ചിറയുടെ ആഴം വര്‍ധിപ്പിക്കുകയും പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ നീന്തല്‍പരിശീലനത്തിന് ഉപയോഗിക്കാവുന്ന വിധം ചിറ പുനരുദ്ധരിക്കുകയും ചെയ്തു.
ജലവിതാനം നാല് അടിയിലേറെ ഉയരാതിരിക്കുന്നതിനായി ചിറയുടെ ഒരു ഭാഗത്ത് ഷട്ടര്‍ പിടിപ്പിച്ചിട്ടുണ്ട്. ചിറയിലെ അധിക വെള്ളം തോട് വഴി ഒഴുകി പോകുന്നതിനും തോടിലൂടെ വെള്ളം ചിറയിലേക്കു കയറാതിരിക്കാനും ഷട്ടര്‍ ഉപകരിക്കും. നീന്തല്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന നിരവധി കുട്ടികള്‍ ഈ പ്രദേശത്ത് ഉണ്ടെങ്കിലും പരിശീലകനില്ലാത്തതിനാല്‍ നീന്തല്‍ പരിശീലനം നടക്കുന്നില്ല. സൗകര്യങ്ങള്‍ ഒരുക്കിയ പഞ്ചായത്ത് ഒരു പരിശീലകനെ കൂടി നിയമിക്കുകയാണെങ്കില്‍ ചിറ സംരക്ഷണവും അതോടൊപ്പം നടക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ചിറ ഉപയോഗമില്ലാതെ വെറുതെ കിടക്കുന്നതിനാലാണ് പായലും കുളവാഴയും നിറഞ്ഞ് ഉപയോഗ ശൂന്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."