കിഫ്ബി മസാലബോണ്ട്: മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണം
തിരുവനന്തപുരം: മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണം ലഭിച്ചു. മെയ് 17നാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായാണ് ഇത്തരം ഒരു ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും.
വിദേശത്തു നിന്ന് മസാല ബോണ്ട് വഴി വന്‍ തുക നിക്ഷേപം ലഭിച്ചതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.
എന്നാല്‍, എസ്.എന്‍.സി ലാവലിന്‍ കമ്പനിയും സര്‍ക്കാര്‍ സംരംഭമായ കിഫ്ബിയില്‍ ഇപ്പോള്‍ കോടികളുടെ നിക്ഷേപം നടത്തിയ സി.ഡി.പി.ക്യുവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ട് ഇറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ലണ്ടനു പുറമെ കിഫ്ബി മസാല ബോണ്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2150 കോടി രൂപയ്ക്കാണ് വിദേശ കമ്പനികളുള്‍പ്പെടെ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."