നിലപാട് ഇരുമ്പുലക്കയല്ല; സമദൂരത്തില്‍ മൂന്ന് പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികളുടെ നിലപാട് എന്താണെന്നറിയണമെങ്കില്‍ ഫലപ്രഖ്യാപനം വരണം. ആന്ധ്രാപ്രദേശിലെ ജഗന്‍മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതി എന്നിവയാണ് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സമദൂരത്തില്‍ നിര്‍ത്തിയിരിക്കുന്നത്. മൂന്നു പാര്‍ട്ടികള്‍ക്കും ബി.ജെ.പിയോട് അനുഭാവമുണ്ടെങ്കിലും കോണ്‍ഗ്രസിനു വേണ്ടിയും പിന്നിലൊരു വാതില്‍ തുറന്നുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം വിലപേശല്‍ ശക്തിയായി മാറാനാകുമോയെന്നാണ് മൂന്നു പാര്‍ട്ടികളുടെയും കണ്ണ്. ആന്ധ്രാപ്രദേശില്‍ 25, തെലങ്കാനയില്‍ 17, ഒഡിഷയില്‍ 21 എന്നിങ്ങനെയാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം. മൂന്നും ചേര്‍ന്നാല്‍ 63 സീറ്റായി.
ദേശീയ പാര്‍ട്ടികള്‍ക്ക് വലിയ റോളൊന്നുമില്ലാത്ത ഒഡിഷയില്‍ കഴിഞ്ഞ 19 വര്‍ഷമായി ബിജു ജനതാദളാണ് (ബി.ജെ.ഡി) ഭരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 21ല്‍ 20 സീറ്റുകളും ബി.ജെ.ഡി നേടി. ബാക്കിയുള്ള ഒന്ന് ബി.ജെ.പിക്കായിരുന്നു. അതേവര്‍ഷം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 147 സീറ്റുകളില്‍ 117 നേടി ബി.ജെ.ഡിയുടെ നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് 16 സീറ്റും ബി.ജെ.പി 10 സീറ്റും നേടി. മറ്റുള്ളവര്‍ നാലു സീറ്റും. സംസ്ഥാനത്ത് ഇത്തവണ ഭരണവിരുദ്ധവികാരമുണ്ട്. ഇതു മുതലെടുക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. നവീന്‍ പട്‌നായിക് അഴിമതിക്കാരനാണെന്ന് സംസ്ഥാനത്ത് ബി.ജെ.പി പ്രചരിപ്പിക്കുമ്പോഴും നവീനിന് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയോടാണ് കൂറ്. ദേശീയ രാഷ്ട്രീയത്തിലോ സംസ്ഥാനത്തോ ബി.ജെ.ഡി ഏതെങ്കിലും സഖ്യത്തിലേര്‍പ്പെട്ടാല്‍ അതു ബി.ജെ.പിയുമായി മാത്രമായിരിക്കുമെന്നുറപ്പാണ്.
കോണ്‍ഗ്രസാകട്ടെ നവീന്‍ പട്‌നായികുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഇപ്പോള്‍ താല്‍പര്യം കാട്ടുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം മാറിക്കൂടെന്നില്ല. ആന്ധ്രാപ്രദേശില്‍ അടുത്തകാലത്തായി അസാധാരണമായ വളര്‍ച്ചയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് ടി.ഡി.പി നേടിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടും തെലുഗുദേശത്തിന്റെ സഖ്യകക്ഷിയായിരുന്ന ബി.ജെ.പി രണ്ടു സീറ്റും നേടി. 175 അംഗ നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് ടി.ഡി.പി അധികാരത്തിലെത്തിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 67 സീറ്റുകള്‍ നേടി. ബി.ജെ.പി നാലും മറ്റുള്ളവര്‍ രണ്ടും. മോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് നിലവില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി രഹസ്യസഖ്യത്തിലാണെന്നും നായിഡു ആരോപിക്കുന്നു. തെലങ്കാന രാഷ്ട്രീയ സമിതി നേതാവ് ചന്ദ്രശേഖര റാവുവിനെക്കുറിച്ചും ഇതെ ആരോപണം ഉന്നയിക്കുന്നുണ്ട്.
സഖ്യമൊന്നുമില്ലെങ്കിലും ബി.ജെ.പിയുമായി നല്ല ബന്ധത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഢി. കോണ്‍ഗ്രസിനോട് കാര്യമായ അകല്‍ച്ചയൊന്നും ഇപ്പോഴില്ല. ബി.ജെ.പിയാകട്ടെ ജഗനെ തെരഞ്ഞെടുപ്പിനു ശേഷം കൂടെ നിര്‍ത്താവുന്ന ആളായി കാണുകയും ചെയ്യുന്നു. ജഗന്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ സഖ്യമാകാതെ മൂന്നാം സഖ്യമായി തനിക്കൊപ്പം നില്‍ക്കണമെന്നാണ് ചന്ദ്രശേഖര റാവുവിന്റെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17ല്‍ 11 സീറ്റ് നേടിയ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയും ഇത്തവണ തെരഞ്ഞെടുപ്പ് കഴിയാനാണ് കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."