കാവു സംരക്ഷണ പദ്ധതിയ്ക്ക് സംരക്ഷണമില്ല
എടപ്പാള്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച കാവ് സംരക്ഷണ പദ്ധതി എങ്ങുമെത്തിയില്ല. പൊതുസ്ഥലത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതുമായ കാവുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
എന്നാല്‍ പദ്ധതി പാതി വഴിയില്‍ നിലച്ചു. തവനൂര്‍ മണ്ഡലത്തിലെ കാവുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സ്ഥലം എം.എല്‍.എയായ കെ.ടി.ജലീലിന്റെ നിര്‍ദേശപ്രകാരം എടപ്പാള്‍ നാട്ടുനന്മ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഓരോ കാവുകളും സംരക്ഷിക്കാന്‍ കുറഞ്ഞത് 5000 രൂപ വീതം നല്‍കാനായിരുന്നു പദ്ധതി.
തിരഞ്ഞെടുക്കപ്പെട്ട കാവുടമകളുടെ യോഗവും ചേര്‍ന്നിരുന്നു. തുടര്‍ന്ന് അനുബന്ധ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കാനായില്ലെന്ന പരാതിയുയര്‍ന്നു. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ സംരക്ഷണം ലഭിക്കാത്തതിനാല്‍ നശിച്ചുകൊണ്ടണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഇത്തരം കാവുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം വെട്ടിത്തെളിച്ച് വില്‍പനക്ക് തയ്യാറാക്കുകയും ചെയ്തു. മറ്റു പലരും പരമ്പരാഗത കാവുകള്‍ സംരക്ഷിക്കപ്പെടണമെന്ന താല്‍പര്യത്താല്‍ ഇവ നിലനിര്‍ത്തിപ്പോരുകയാണ്. എന്നാല്‍, സംരക്ഷണം പേരിലൊതുങ്ങിയത് ഇവര്‍ക്ക് തിരിച്ചടിയായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയും കെ.ടി.ജലീല്‍ മന്ത്രിയാകുകയും ചെയ്യ്തതോടെ പദ്ധതി സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഇതിനായി എടപ്പാള്‍ നാട്ടുനന്‍മയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പദ്ധതി നിലച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."