സി-സോണ്‍ കലോത്സവം; എസ്.എഫ്.ഐ അട്ടിമറിക്കുന്നു: എം.എസ്.എഫ് മത്സരങ്ങള്‍ മുഴുവന്‍ മലപ്പുറം ഗവ. കോളജില്‍ നടത്തണമെന്നാവശ്യം
മലപ്പുറം: നാളെ നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ കലോത്സവം എസ്.എഫ്.ഐ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മലപ്പുറത്ത് മൂന്നു വേദികളിലായി കലോത്സവം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
മലപ്പുറം ടൗണ്‍ഹാള്‍, ഗവ.വനിതാ കോളജ്, ഗവ. കോളേജ് എന്നിവിടങ്ങളിലായി മത്സരങ്ങള്‍ നടത്തുന്നതില്‍ ഗതാഗത- താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കുടിവെള്ളമെത്തിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാക്കും.
അതുകൊണ്ട് മൂന്നു വേദികളും താമസ സൗകര്യവും ഗവ. കോളജിലേക്ക് മാറ്റണം. മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ വേദി അനുവദിക്കാന്‍ സമ്മതമറിയിച്ച് സര്‍വകലാശാലക്ക് കത്ത് നല്കി ഒന്നരമാസം പിന്നിട്ടിട്ടും കൃത്യമായി വേദി നിശ്ചയിച്ചുതരാന്‍ സര്‍വകലാശാല യൂനിയനോ ബന്ധപ്പെട്ടവര്‍ക്കോ സാധിച്ചിട്ടില്ല. ഇതിനു പിന്നില്‍ കോളേജ് എസ്.എഫ്.ഐ യൂനിറ്റും ഇടതു അധ്യാപക സംഘടനയിലെ ചില അധ്യാപകരുമാണെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ടി.പി ഹാരിസ്, ഫാരിസ് പൂക്കോട്ടൂര്‍, കെ.എം ഇസ്മാഈല്‍, ഇബ്റാഹിം ബാദുഷ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."