'സ്വന്തം രാജ്യത്ത് ഇസ്‌ലാമോഫോബിയക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്തവര്‍ തുര്‍ക്കിയുടെ പരമാധികാരത്തെ അക്രമിക്കുകയാണ്'- ഹാഗിയ സോഫിയ വിമര്‍ശനം തള്ളി ഉര്‍ദുഗാന്‍
അങ്കാറ: തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയായി പുനപ്പരിവര്‍ത്തനം ചെയ്ത തീരുമാനത്തിനെതിരായ ആഗോള വിമര്‍ശനം തള്ളി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 'പരമാധികാര അവകാശങ്ങള്‍' ഉപയോഗിക്കാനുള്ള തന്റെ രാജ്യത്തിന്റെ ഇച്ഛയെ ഇത് പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം ശനിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പങ്കെടുത്ത ചടങ്ങില്‍ ഉര്‍ദുഗാന്‍
ചൂണ്ടിക്കാട്ടി.
'തങ്ങളുടെ രാജ്യങ്ങളിലെ ഇസ്‌ലാമോ ഫോബിയക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്തവര്‍, പരമാധികാര അവകാശങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള തുര്‍ക്കിയുടെ ഇച്ഛയെ ആക്രമിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
ശില്‍പചാതുരിയില്‍ അല്‍ഭുതമായ കെട്ടിടത്തെ വീണ്ടും പള്ളിയാക്കി മാറ്റുമെന്ന് ഉര്‍ദുഗാന്‍ നേരത്തേ പലതവണ വ്യക്തമാക്കിയിരുന്നു. 2018ല്‍ ഹാഗിയ സോഫിയയില്‍വച്ച് അദ്ദേഹം ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്തിരുന്നു.
ഹാഗിയ സോഫിയ വീണ്ടും പള്ളിയാക്കി മാറ്റിയ നടപടിയില്‍ പ്രതിഷേധം അറിയിച്ച് അമേരിക്കയും യുഎന്നും മുന്നോട്ട് വന്നിരുന്നു.
ഉര്‍ദുഗാന്റെ നടപടി പ്രതിഷേധാര്‍ഹവും നിരാശ ജനിപ്പിക്കുന്നതുമെന്ന് യുഎസ് സ്‌റ്റേറ്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു. കെട്ടിടത്തിലേക്ക് മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കുമെന്ന തുര്‍ക്കി പ്രസിഡന്റിന്റെ വാഗ്ാദാനം മനസിലാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
86 കൊല്ലം മ്യൂസിയമായി നിലനിന്നിരുന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനക്ക് തുറന്നുകൊടുക്കണമെന്നും കഴിഞ്ഞദിവസം തുര്‍ക്കി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്ന് അധികം വൈകാതെ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ഈ മാസം 24 മുതല്‍ ഹാഗിയ സോഫിയയില്‍ ജുമുഅ നമസ്‌കാരം നടക്കുമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പള്ളിയായി പുനപ്പരിവര്‍ത്തനം ചെയ്യുകയാണെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഒട്ടോമന്‍ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കയ്യടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്ത വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ. വഖഫ് ചെയ്ത ആളുടെ ഉദ്ദേശത്തിന് വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയത് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി പുനര്‍പ്പരിവര്‍ത്തിപ്പിക്കാന്‍ ഉത്തരവിട്ടത്. കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."