ബെറ്റിയുടെ മരണം: കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എം.പി റവന്യു മന്ത്രിക്കു കത്ത് നല്‍കി
ചെറുതോണി: റീസര്‍വേയുടെ പേരില്‍ കൈക്കൂലി വാങ്ങുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിലൂടെ വീട്ടമ്മയായ ബെറ്റിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ്ജ് എം.പി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കത്തുനല്‍കി.
അഞ്ചു മാസത്തോളം ഉദ്യോഗസ്ഥ പീഡനമേറ്റ് സാമ്പത്തികമായും മാനസികമായും തകര്‍ന്നാണ് ചെമ്മണ്ണാറില്‍ സജിയുടെ ഭാര്യ ബെറ്റി ആത്മഹത്യ ചെയ്തത്. റീസര്‍വേ നടപടികളുമായി ബന്ധമില്ലാത്ത നെടുങ്കണ്ടം താലൂക്കോഫിസിലെ ഉദ്യോഗസ്ഥര്‍ പോലും പണം വാങ്ങിയിട്ടുണ്ട്. പിതൃസ്വത്തായി ഭാഗ ഉടമ്പടിയിലൂടെ ലഭിച്ച ഭൂമിയുടെ സര്‍വെ പൂര്‍ത്തിയാക്കി കിട്ടാന്‍ വേണ്ടിയാണ് ഈ സാധു കുടുംബം അഞ്ചുമാസത്തോളം സര്‍ക്കാരോഫിസുകള്‍ കയറിയിറങ്ങിയത്.
റവന്യു സര്‍വേ നടപടികള്‍ പൂര്‍ത്തിയായി സ്ഥലം വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാറുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയത്. സ്ഥലം വില്‍ക്കുന്നതിന് അഡ്വാന്‍സായി ലഭിച്ച തുക ഉപയോഗിച്ച് കുടയത്തൂരില്‍ സ്ഥലം വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു. കഴിഞ്ഞ 10ന് ചെമ്മണ്ണാറില്‍ നിന്നും സ്ഥലം ഇടപാടു തീര്‍ത്ത് കുടയത്തൂരിലേക്ക് പോകുമെന്ന് ബെറ്റി അയല്‍പക്കത്തും പരിസരവാസികളായ വീട്ടമ്മമാരോടും പറഞ്ഞിരുന്നു. അപ്പോഴാണ് റീസര്‍വെ നടത്തിത്തരാന്‍ കഴിയില്ലെന്ന് റവന്യു അധികൃതര്‍ ബെറ്റിയേയും കുടുംബത്തേയും അറിയിക്കുന്നത്.
ഇതോടെ സ്ഥലക്കച്ചവടം ഒഴിവാകുകയും അഡ്വാന്‍സ് തുക തിരികെ നല്‍കാന്‍ ഇല്ലാതെ വരികയും ചെയ്തു. പോകാന്‍ യാത്ര പറഞ്ഞിരിക്കെ പോകാന്‍ കഴിയാതെ വന്നതിലൂടെ നാട്ടുകാര്‍ക്കിടയിലുണ്ടായ അപമാനഭാരവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ബെറ്റിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."