ഒഐസിസി ചാർട്ടേർഡ് വിമാനം 165 യാത്രക്കാരുമായി പറന്നുയർന്നു
ദമാം: ഒഐസിസി ചാർട്ടർ ചെയ്‌ത വിമാനം വിമാനം 165 യാത്രക്കാരുമായി ദമാമിൽ നിന്നും പറന്നുയർന്നു ജോലിയും കൂലിയും ഇല്ലാതെ മാസങ്ങളായി ജീവിതം അനിശ്ചിതമായി കഴിച്ചുകൂട്ടിയ കുറേ പേരെ സൗജന്യമായി നാട്ടിലെത്തിക്കാൻ സാധിച്ചത് വലിയ ചാരിതാർഥ്യമാണെന്നു ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പിഎം നജീബും കൊവിഡ് ഹെല്പ് ലൈൻ കോഡിനേറ്ററും ചാർട്ടർ വിമാന കോഡിനേറ്റർ കൂടിയായ മാത്യു ജോസഫും അഭിപ്രായപ്പെട്ടു. 10 പേർക്ക് ടിക്കറ്റ് പൂർണമായും സൗജന്യമായി നൽകിയപ്പോൾ അർഹരായ പതിനഞ്ചോളം യാത്രക്കാരിൽ നിന്നും ടിക്കറ്റ് നിരക്കിൽ ഗണ്യമായ ഇളവുകൾ നൽകിയാണ് യാത്ര സഫലമാക്കിയത്. പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമപ്രവർത്തകരും, കെപിസിസി യുടെ നേതാക്കളും നിർദേശിച്ച ആളുകളിൽ നിന്നാണ് അർഹരായ സൗജന്യ യാത്രക്കാരെ തിരഞ്ഞെടുത്തത്.
കൂടാതെ ആരോഗ്യസ്ഥിതി തീരെ മോശമായി വീൽ ചെയറിൽ ആയിരുന്ന പ്രായമായ രണ്ട് സ്ത്രീകൾക്ക് പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രായാധിക്യം കാരണം ആശങ്കയിലായിരുന്നവരുടെ മടക്കയാത്രയിൽ അവരുടെ ആരോഗ്യ പരിരക്ഷണത്തിനായി യാത്രക്കാരികളായ ഡോ: ഫൗഷ ഫൈസലിന്റെയും നഴ്‌സ് ലിറ്റി തോമസിന്റെയും പ്രത്യേക ശ്രദ്ധയുണ്ടായിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ ഭക്ഷണപാനീയങ്ങൾ ഒന്നുമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് ഭക്ഷണകിറ്റും ഏർപ്പാടുചെയ്തിരുന്നു. സർക്കാർ നിഷ്‌കർഷിച്ച മുഴുവൻ സേഫ്റ്റി ഉപകരണങ്ങളും എല്ലാ യാത്രക്കാരും ധരിച്ചു എന്ന് ഉറപ്പുവരുത്തിയും ഇല്ലാത്തവർക്ക് അവ സൗജന്യമായി നൽകിയും യാത്രക്കാരെല്ലാം പൂർണ്ണസുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയാണ് ചാർട്ടർ വിമാനം പുറപ്പെട്ടത്.
ഐഒസി നാഷണൽ സെക്രട്ടറി ഫൈസൽ ഷെരീഫ്, ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ജയരാജൻ, എറണാകുളം മുൻ ജില്ലാ പ്രസിഡന്റ് റഷീദ് വാലത്ത് സഊദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രമേശ് പാലക്കാട്, റീജിയണൽ കമ്മിറ്റി അംഗം സാജിദ് അഹ്മദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി നൗഷാദ് മാവൂർ, അഖിൽ കോഴിക്കോട്, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാണിയൂർനമ്പ്രം, നൗഷാദ് കണ്ണൂർ, പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശ്, അബ്ദുൾ വാഹിദ്, യൂത്ത് വിംഗ് റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഫൽ ഷെരീഫ്, ട്രെഷറർ ഷഫാദ് ആയോത്ത്, മുൻ ജനറൽ സെക്രട്ടറി നിസ്സാം ആയൂർ കൊല്ലം തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് വിമാന യാത്ര തിരിച്ചത്. യാത്രക്കാർക്ക് മുഴുവൻ നടത്തിയ കൊവിഡ് റാപിഡ് ടെസ്റ്റ് ഫലം നെഗറ്റിവ് ആണെന്നും സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."