ഒരു കോടി മുടക്കി ഫ്‌ളാറ്റ് വാങ്ങിയ വ്യവസായി കബളിപ്പിക്കപ്പെട്ടതായി പരാതി
കോഴിക്കോട്: കോടി മുടക്കി കോഴിക്കോട്ട് ഫ്‌ളാറ്റ് വാങ്ങിയ ഖത്തര്‍ വ്യവസായി കബളിപ്പിക്കപ്പെട്ടതായി പരാതി. തൊണ്ടയാട് ബൈപാസിലെ ടി.സി വണ്‍ പ്രോപ്പര്‍ട്ടി സ്‌കൈവാക്ക് അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റില്‍ കോടി രൂപയ്ക്ക് 1748 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം നല്‍കാമെന്നു പറഞ്ഞ് 1331 സ്‌ക്വയര്‍ഫീറ്റ് മാത്രം ഫ്‌ളാറ്റ് നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ഖത്തറിലെ വ്യവസായിയും പൊന്നാനി സ്വദേശിയുമായ ഷമീം അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഫ്‌ളാറ്റ് വാങ്ങി രണ്ടുവര്‍ഷം കഴിഞ്ഞ് അളന്നു നോക്കിയപ്പോഴാണ് 417 സ്‌ക്വയര്‍ ഫീറ്റ് കുറവു കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഫ്‌ളാറ്റിലെ മറ്റു താമസക്കാരും വഞ്ചിതരായതായാണു സംശയിക്കുന്നത്. ഇതിനെതിരേ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടമ ടി.സി അഹമ്മദ് തന്നെയും തന്റെ കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയാണെന്നും ഷമീം പറഞ്ഞു. നല്ലളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുണ്ടകളെ കൊണ്ട് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയാണ്. തനിക്കെതിരേ ഐ.ടി ആക്ട് പ്രകാരം കള്ളക്കേസ് കൊടുത്തുവെന്നും ഷമീം പറഞ്ഞു.
പൊലിസില്‍ പരാതി നല്‍കിയിട്ടും ഉടമയുടെ സ്വാധീനം കാരണം കാര്യമായി നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് ഷെമീമിന്റെ ഭാര്യയും ശ്രീലങ്കന്‍ സ്വദേശിനിയുമായ ഫാത്തിമ ഷമീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."