പുഴകളില്‍ തുരിശ് കലക്കിയുള്ള മീന്‍പിടിത്തം വ്യാപകം
മാനന്തവാടി: ജില്ലയിലെ പുഴകള്‍ കേന്ദ്രീകരിച്ചു തുരിശ് കലക്കി മീന്‍ പിടിത്തം വ്യാപകമാവുന്നു. വേനലിനെ തുടര്‍ന്ന് പുഴകളില്‍ വെള്ളംകുറഞ്ഞ സാഹചര്യത്തിലാണ് തടയണകളോട് ചേര്‍ന്ന് ആഴംകൂടിയ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മീന്‍ പിടിക്കുന്നത് വ്യാപകമാവുന്നത്.
ചില പ്രദേശവാസികള്‍ക്കു പുറമെ സ്ഥിരമായി ഇത്തരത്തില്‍ മീന്‍ പിടിക്കുന്ന യുവാക്കളുടെ സംഘംതന്നെയുള്ളതായി പരമ്പരാഗത മീന്‍ പിടിത്തക്കാര്‍ പറയുന്നു.
അര്‍ധരാത്രിയാണ് ഇവര്‍ പുഴക്കരയില്‍ സംഘമായെത്തുന്നത്. തുടര്‍ന്ന് താഴ്ഭാഗത്ത് വലയൊരുക്കിയ ശേഷം പുഴയുടെ മുകളിലായി തുരിശ് വെള്ളത്തില്‍ കലക്കുകയാണ് ചെയ്യുന്നത്. ഇതോടെ വെള്ളത്തിലെ മീനുള്‍പ്പെടെയുള്ള ജീവികള്‍ക്ക് മയക്കം സംഭവിക്കുകയും താഴേക്ക് ഒഴുകിനടക്കുകയും ഇവര്‍ വിരിച്ച വലയില്‍ അകപ്പെടുകയും ചെയ്യും. ചെമ്പല്ലി, കട്‌ല, റോഗ് തുടങ്ങിയ മീനുകളാണ് പുഴയില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്നത്.
അഞ്ചും പത്തും അതിലധികവും കിലോ തൂക്കം വരുന്ന മീനുകളെ മാത്രമാണ് ഇവര്‍ പിടികൂടുന്നത്.
ചെറുമീനുകളെ ഉപേക്ഷിക്കുകയും അടുത്ത ദിവസങ്ങളില്‍ ഇത്തരം മീനുകള്‍ വെള്ളത്തില്‍ ചത്തുപൊങ്ങുകയുമാണ് പതിവ്. എന്നാല്‍ ശരീരത്തിന് വ്യാപക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തുരിശ് കലക്കി പിടികൂടുന്ന മീനുകളെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെയാണ് യുവാക്കള്‍ മീന്‍ പിടിക്കുകയും ഇവ പാകംചെയ്ത് കഴിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത്.
പുഴകളില്‍ തുരിശ് കലര്‍ത്തുന്നത് പുഴവെള്ളത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളെയും അവരറിയാതെ തന്നെ വന്‍ദുരന്തത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. പുഴയിലെ ചെറുകിട ജീവജാലങ്ങളും ഇതിലൂടെ ചാകുന്നുണ്ട്.
കീടനാശിനി വിഭാഗത്തില്‍പ്പെടുന്ന തുരിശ് ശരീരത്തിനകത്ത് ചെറിയ തോതില്‍ തുടര്‍ച്ചയായി എത്തിയാല്‍ കിഡ്‌നിക്കും ലിവറിനും കേടുപാടുകള്‍ സംഭവിക്കും.
ഇതിനുപുറമെ ശരീരത്തിലെ കോശങ്ങള്‍ക്കും രക്തകോശങ്ങള്‍ക്കും ദോശകരമായും മാറും. തുരിശിന്റെ അംശം കൂടുതലായാല്‍ നിര്‍ജലീകരണവും ഹൃദയ സതംഭനവും വരെ സംഭവിക്കാമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു.
എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളൊന്നും കണക്കിലെടുക്കാതെയാണ് തുരിശ് കലക്കിയുള്ള മീന്‍പിടുത്തം വ്യാപകമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."