കാസര്‍കോട് മെഡിക്കല്‍ കോളജ്: ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കാസര്‍കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സമരസമിതി നേതാക്കളെ അറിയിച്ചു. നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കുന്നതു സംബന്ധിച്ചു പ്രത്യേകയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ജനകീയ സമരസമിതി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണു മന്ത്രി ഇക്കാര്യം സംബന്ധിച്ച ഉറപ്പു നല്‍കിയത്.
അക്കാദമിക്ക് ബ്ലോക്കിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കുക, നബാര്‍ഡ് അനുവദിച്ച 68 കോടി രൂപയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി ആശുപത്രി ബ്ലോക്കിന്റെ പണി ഉടന്‍ ആരംഭിക്കുക, കണ്‍സള്‍ട്ടന്‍സി ഏജന്റായ കിറ്റ്‌കോയ്ക്ക് നല്‍കാനുള്ള അഡ്വാന്‍സ് തുക ഉടന്‍ നല്‍കുക, മെഡിക്കല്‍ കോളജിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുക, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ല എന്ന നിലയില്‍ മറ്റെല്ലാ മെഡിക്കല്‍ കോളജിനെക്കാളും കാസര്‍കോട് മെഡിക്കല്‍ കോളജിന് മുന്തിയ പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരസമിതി ഭാരവാഹികള്‍ ആരോഗ്യമന്ത്രി, ധനമന്ത്രി ഡോ. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയത്.
സമരസമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എ.കെ അഹമ്മദ് ഷെരീഫ്, കെ ശ്യാം പ്രസാദ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, പ്രൊ. ശ്രീനാഥ്, എം.കെ രാധാകൃഷ്ണന്‍, ഫാറൂക്ക് കാസിമി, അജയന്‍ പരവനടക്കം എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജുകള്‍ പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് പുനരാലോചനയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതും ബജറ്റില്‍ തുക നീക്കിവെക്കാത്തതും കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തെ ആശങ്കയിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."