ബാലഭാസ്കറിന്റെ മരണം നടന്ന സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറഞ്ഞു.
സോബി അന്നു പറഞ്ഞത്
ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി അന്ന് പറഞ്ഞിരുന്നു. 2019 ജൂണ്‍ ഒന്നിനാണ് സോബി ഇതു സംബന്ധിച്ച് ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയത്.
ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പെട്ട് പത്ത് മിനുറ്റിന് ശേഷം സോബി അതുവഴി കടന്നുപോയിരുന്നു. കോതമംഗലം സ്വദേശിയായ സോബി തിരുനെല്വേലിക്കായിരുന്നു യാത്ര പോയിരുന്നത്. ബാലഭാസ്കറാണ് അപകടത്തില്‍ പെട്ടതെന്ന് പിന്നീടാണ് സോബി അറിയുന്നത്.
ബാലഭാസ്ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കി. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞതെന്നും സോബി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."