സച്ചിന്‍ പൈലറ്റിനെ കാണാന്‍ മടിച്ച് രാഹുല്‍ഗാന്ധിയും സോണിയയും, അന്ന് സിന്ധ്യയെയും കണ്ടില്ല
ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് സച്ചിന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
അഹമ്മദ് പട്ടേലുമായി ശനിയാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇന്ന് സോണിയയുമായി സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പറഞ്ഞിരുന്നത്. അതേസമയം, കൂടിക്കാഴ്ച്ചയ്ക്കു മുമ്പുതന്നെ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നാണ് സോണിയയും രാഹുലും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ല. ഇക്കാര്യം വിശ്വസ്തരായ ദൂതര്‍ വഴി സച്ചിനെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സച്ചിന്‍.
ഒരുഘട്ടത്തില്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന ആലോചന നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടന്നിരുന്നെങ്കിലും പൈലറ്റ് ചെറുപ്പമായതുകൊണ്ട് അല്‍പം കൂടി കാത്തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സച്ചിനെ പിണക്കാതിരിക്കാന്‍ ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ചു മന്ത്രാലയങ്ങളുടെ ചുമതലയും നല്‍കിയിരുന്നു.
മാര്‍ച്ചില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാരെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയപ്പോള്‍ പൈലറ്റും ബി.ജെ.പിയുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലേക്ക് ബി.ജെ.പി പൈലറ്റുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നു. തന്റെ എം.എല്‍.എമാരെ വാങ്ങാന്‍ ബി.ജെ.പി ശ്രമിച്ചതായി മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു.
എന്നാല്‍ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും അചഞ്ചലരാണെന്നും രാജസ്ഥാനിലെ മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം പാര്‍ട്ടി നേടിയത് അതിന് തെളിവാണെന്നും പൈലറ്റ് പറഞ്ഞു.
എന്നാല്‍ ഗെലോട്ടിന്റെ ആരോപണത്തില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതാണ് പൈലറ്റിനെ ചൊടിപ്പിച്ചത്. അത് പൈലറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."