കുടുംബശ്രീ ഇടപാടുകള്‍ വിജിലന്‍സ് അന്വേഷണത്തിന്
കൊല്ലം: കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ഈ തീരുമാനമെടുത്തത്. കോര്‍പറേഷന്‍ നിലവില്‍ വന്ന 2000മുതലുള്ള കുടുംബശ്രീ ഇടപാടുകളാണ് സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കാന്‍ ശുപാര്‍ശ ചെയ്യുകയെന്ന് മേയര്‍ വി. രാജേന്ദ്രബാബു അറിയിച്ചു.
തെരുവുവിളക്ക് വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. ചിന്നക്കടയില്‍ അടക്കം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തെരുവിളക്കുകള്‍ കത്തുന്നില്ലെന്നു ഭരണപക്ഷ അംഗങ്ങള്‍ തന്നെ യോഗത്തില്‍ പരാതിപ്പെട്ടു. ഇത് അല്‍പ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനും കാരണമായി. തെരുവുവിളക്ക് പ്രശ്‌നത്തില്‍ പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും കേരളത്തിലെ ആദ്യത്തെ പൂര്‍ണ എല്‍.ഇ.ഡി സ്ഥാപിത കോര്‍പറേഷനായി കൊല്ലം മാറുമെന്നും മറുപടി പ്രസംഗത്തില്‍ മേയര്‍ പറഞ്ഞു.
കോര്‍പറേഷനില്‍ നല്‍കുന്ന അപേക്ഷകളുടെ പുരോഗതി അപേക്ഷകനു അറിയാനുള്ള സംവിധാനം ഉണ്ടാകണമെന്ന് സി.പി.ഐയിലെ എന്‍. മോഹനന്‍ ആവശ്യപ്പെട്ടു. കര്‍ബല മുതല്‍ കോളജ് ജങ്ഷന്‍ വരെയുള്ള റോഡില്‍ സ്‌കൂള്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് വര്‍ധിച്ചുവരികയാണെന്ന് അഡ്വ. സൈജു ചൂണ്ടിക്കാട്ടി.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അടുത്തവര്‍ഷം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്നും മേയര്‍ വ്യക്തമാക്കി. പള്ളിമുക്ക് മാര്‍ക്കറ്റിലെ ശുചീകരണവുമായി ബന്ധപ്പെട്ട് ലേലം പിടിച്ചവരെ വിളിച്ചുവരുത്തി നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു.
ചര്‍ച്ചയില്‍ സ്ഥിരംസമിതി അധ്യക്ഷരായ എം.എ സത്താര്‍, ടി.ആര്‍ സന്തോഷ് കുമാര്‍, ആനേപ്പില്‍ ഡോ. ഡി. സുജിത്, ഗീതാകുമാരി അംഗങ്ങളായ എ.കെ ഹഫീസ്, അഡ്വ. ജെ. സൈജു, ബി. ശൈലജ, ഉദയ സുകുമാരന്‍, എം. നൗഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."