അമിത് ഷായ്‌ക്കെതിരേ അതിരൂക്ഷ ആരോപണം
ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകളുമായി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുന്‍പ് വിദേശത്തുനിന്ന് മൂന്നു സീരീസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് ഇന്ത്യയിലെത്തിച്ച് വ്യവസായികള്‍ക്കും ഉന്നതര്‍ക്കും മാറ്റി നല്‍കി. ഇതിന്റെ തെളിവുകളുമായാണ് കോണ്‍ഗ്രസ് ആരോപണം. വിഡിയോ ദൃശ്യങ്ങള്‍ എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രദര്‍ശിപ്പിച്ചു.
വ്യോമസേന വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമത്താവളത്തിലാണ് പണം എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്‌രേക്കര്‍ പറയുന്നത് വിഡിയോയിലുണ്ട്. അമിത് ഷായാണ് ഈ ഇടപാട് നടത്തുന്നതെന്നും രഹസ്യകാമറയില്‍ ചിത്രീകരിച്ച വിഡിയോയിലുണ്ട്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ കടലാസ് പെട്ടികളില്‍ കോടികള്‍ സൂക്ഷിച്ചതിന്റെ ദൃശ്യങ്ങളുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്ന് കപില്‍ സിബല്‍ പറഞ്ഞു. പാവപ്പെട്ടവനു നേരെയുള്ള മിന്നലാക്രമണമായിരുന്നു അത്. സാധാരണക്കാരുടെ വരുമാനം സര്‍ക്കാര്‍ പിടിച്ചെടുത്തപ്പോള്‍ പണക്കാര്‍ക്ക് കോടികള്‍ മാറ്റി നല്‍കി. ഇതിന് ബാങ്കിങ് സംവിധാനത്തില്‍ കള്ളത്തരം കാട്ടി.
ആര്‍ക്കാണ് ഈ കുംഭകോണത്തിന്റെ ഗുണം കിട്ടിയതെന്ന് അന്വേഷിക്കണം. ആര്‍.ബി.ഐയിലെ കറന്‍സി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്ന് വിഡിയോയില്‍ രത്‌രേക്കര്‍ പറയുന്നുണ്ട്.
ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ കറന്‍സി ആറുമാസം മുന്‍പ് അച്ചടിച്ചതായിരുന്നെന്നും കപില്‍ സിബല്‍ ആരോപിച്ചു. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനല്‍കി. റിസര്‍വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍നിന്ന് 26 പേരാണുണ്ടായിരുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണിലെത്തി രാഷ്ട്രീയക്കാരും വ്യവസായികളും നോട്ടുകള്‍ മാറ്റിവാങ്ങി.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കള്‍, ബാങ്കുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട രാജ്യദ്രോഹക്കുറ്റവും വലിയൊരു കൊള്ളയുമായിരുന്നു ഇത്. വിഡിയോകളില്‍ വ്യക്തികളുടെ പേരും മുഖവും നടന്ന കള്ളങ്ങളുമെല്ലാം വ്യക്തമായതിനാല്‍ അന്വേഷണത്തിന് തടസമുണ്ടാകില്ല.
തെളിവുകളുണ്ടായിട്ടും ഭരണ കക്ഷിക്കെതിരേ അന്വേഷണം നടക്കുന്നില്ലെങ്കില്‍ ജനാധിപത്യം വിപത്തിലാണെന്നാണ് മനസിലാക്കേണ്ടത്. എന്തു വിലകൊടുത്തും അത് സംരക്ഷിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."