HOME
DETAILS
MAL
ഇഷ്ടക്കാരില്ല; നാഥനില്ലാതെ ആഭ്യന്തര സുരക്ഷാ വകുപ്പ്
backup
July 14 2020 | 05:07 AM
തിരുവനന്തപുരം: സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കേണ്ട സമയത്ത് ഇഷ്ടക്കാരെ കിട്ടാത്തതിനാല്‍ ആഭ്യന്തര സുരക്ഷാ മേധാവി (ഇന്റേണല്‍ സെക്യൂരിറ്റി) പദവിയില്‍ ആളെ നിയമിക്കാതെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്.
മൂന്നാഴ്ചയായി സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും നിയമനമായില്ല. തന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ഐ.പി.എസുകാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്കിയ സാഹചര്യത്തിലാണ് ഈ സ്ഥാനത്തേക്ക് ആരെയും പരിഗണിക്കാന്‍ കഴിയാത്തത്. സ്വണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷും സന്ദീപ് നായരും സംസ്ഥാനം വിട്ടത് ഇന്റലിജന്‍സ് അറിഞ്ഞില്ലെന്ന പരിഹാസം കേള്‍ക്കുന്നതിനിടയിലാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിനു നാഥനില്ലാതായിരിക്കുന്നത്. എന്നാല്‍ യോഗ്യതയുള്ള നിരവധി ഐ.പി.എസുകാര്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി ആരെയും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജൂണ്‍ 19ന് ആഭ്യന്തര സുരക്ഷയുടെ എസ്.പിയായിരുന്ന ജെ. ജയനാഥിനെ സായുധ പൊലിസ് (കെ.എ.പി) മൂന്നാം ബറ്റാലിയന്റെ കമാന്‍ഡന്റ് തസ്തികയിലേക്കു മാറ്റി.
അഞ്ചാം ബറ്റാലിയന്റെ അധിക ചുമതലയും നല്കി. സാധാരണ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ ഈ തസ്തികയിലേക്ക് പരിഗണിക്കാറില്ല. പരിഗണിച്ചാല്‍ തന്നെ യുവ ഉദ്യോഗസ്ഥരെയോ ഐ.പി.എസ് ലഭിച്ചവരെയോ മാത്രമാണ് പരിഗണിക്കുന്നത്. ബറ്റാലിയനുകളുടെ ഡെപ്യൂട്ടി കമാന്‍ഡന്റുമാര്‍ക്ക് കമാന്‍ഡന്റ് ചുമതല നല്‍കുകയാണ് പതിവ്. 13 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജയനാഥിനു ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണു കമാന്‍ഡന്റ് തസ്തികയിലേക്കു സ്ഥലം മാറ്റിയത്.
സ്വര്‍ണക്കടത്ത് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്പെടുന്നുണ്ടെങ്കിലും ഇതു സംസ്ഥാനത്തിന്റെ സുരക്ഷയെ പല രീതിയിലും ബാധിക്കുന്നതാണെന്ന് ഐ.പി.എസുകാര്‍ തന്നെ സമ്മതിക്കുന്നു.
ഇതിനിടെയാണ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി വിനോദ്കുമാര്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."