സെന്‍കുമാറിന്റെ പോരാട്ടം ചരിത്രത്തിലേക്ക്
തിരുവനന്തപുരം: 11 മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഡി.ജി.പി സെന്‍കുമാര്‍ ചരിത്രത്തില്‍ ഇടം നേടി. ഇനി ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ കാലാവധിക്ക് മുന്‍പ് തെറിപ്പിച്ചാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം. സെന്‍കുമാര്‍ വിധിയെ ആധാരമാക്കിയായിരിക്കും കോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസമാണ് സെന്‍കുമാര്‍ സ്ഥാനത്തുനിന്നു തെറിക്കപ്പെട്ടത്. ലോക്‌നാഥ് ബെഹ്‌റയാണ് പകരമെത്തിയത്.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, പെരുമ്പാവൂര്‍ ജിഷ വധം എന്നീ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചാര്‍ത്തിയാണ് സെന്‍കുമാറിനെ മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന സുപ്രിം കോടതിയുടെ മുന്‍ ഉത്തരവ് നിലനില്‍ക്കെയായിരുന്നു നടപടി. ക്രമസമാധാനത്തില്‍ നിന്നു പുറത്തായതോടെ ശമ്പളവും താഴ്ത്തി.
ഇതിനെതിരേ ആദ്യം ട്രൈബ്യൂണലിനെ സമീപിച്ചു. രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കാനാണ് തന്നെ സ്ഥാനത്ത്‌നിന്ന് മാറ്റിയതെന്നു സെന്‍കുമാര്‍ വാദിച്ചു. ഉദ്യോഗസ്ഥനെ മാറ്റുന്നതു സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നിലപാടു ശരിവച്ചു. ശമ്പള സ്‌കെയില്‍ പുനഃസ്ഥാപിച്ചു നല്‍കി.
അദ്ദേഹം ഹൈക്കോടതിയിലെത്തി. അവിടെയും സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കപ്പെട്ടു. പിന്നീട് സുപ്രിം കോടതിയിലും. അതോടെ സ്ഥിതി മാറി. കേസിന്റെ വാദം നടക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ അപകടം മണത്തിരുന്നു. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ സര്‍ക്കാര്‍ രംഗത്തിറക്കി. ചില പ്രതികൂല പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും നേരിട്ടു ഡല്‍ഹിയിലെത്തി കേസിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു.
എന്നാല്‍, സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രിം കോടതി തള്ളി. ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസം ഡി.ജി.പിയെ നീക്കിയതു നിയമപരമല്ല എന്നാണ് കോടതി വിലയിരുത്തിയത്. അതും ഡി.ജി.പിയെ രണ്ടുവര്‍ഷം തുടരാന്‍ അനുവദിക്കണമെന്ന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. വീണ്ടും സെന്‍കുമാര്‍ പൊലിസ് മേധാവിയുടെ കസേരയിലേക്ക്.
എന്നാല്‍ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിര്‍വഹിച്ചതെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്. നളിനി നെറ്റോ ഇപ്പോള്‍ ചീഫ് സെക്രട്ടറിയാണ്. സെന്‍കുമാര്‍ നളിനി നെറ്റോയ്‌ക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഓഗസ്റ്റ് വരെ നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനത്തുണ്ടാകും.
സര്‍ക്കാരിനേറ്റ
തിരിച്ചടി: ചെന്നിത്തല
പത്തനംതിട്ട: ടി.പി. സെന്‍കുമാര്‍ വിഷയത്തിലെ സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണ്. മന്ത്രി എം.എം. മണി രാജി വയ്ക്കാത്തത് കേരളത്തിന് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു.
വിധി ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടത്: കാനം
കോട്ടയം : ടി.പി.സെന്‍കുമാറിനെ സര്‍വിസില്‍ തിരിച്ചെടുക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും രാഷ്ട്രീയപരമല്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സെന്‍കുമാറിനെ നീക്കിയത് തെറ്റാണെന്നാണ് സുപ്രിംകോടതി പറഞ്ഞത്. സര്‍ക്കാര്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. വിശദാംശങ്ങള്‍ പഠിച്ച ശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പാര്‍ട്ടിയല്ല,ഭരണസംവിധാനമാണ്. മന്ത്രിയുള്‍പ്പെടെ ഉപയോഗിക്കുന്ന വാക്കുകളുടെ ഉത്തരവാദിത്തം സ്വന്തമായിട്ടാണ്. അത് മുന്നണിക്കല്ലെന്നും കാനം പറഞ്ഞു.
സെന്‍ കുമാറിന്
നീതി ലഭിച്ചു: ഉമ്മന്‍ചാണ്ടി
നീലേശ്വരം: സെന്‍കുമാര്‍ വിഷയത്തിലെ സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്‍കുമാറിനു നീതി ലഭിച്ചു. നല്ല ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഏതു സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ നിലപാടെടുത്തതെന്നറിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊലിസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പുറ്റിങ്ങല്‍ അപകടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതാണ്.
ജിഷ കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സംഘത്തിന്റെ അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച സംഘവും നടത്തിയത്. രണ്ടു അന്വേഷണ സംഘങ്ങളുടേയും പ്രവര്‍ത്തനം മികച്ചതായിരുന്നു. അതുകൊണ്ടാണ് യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരും കോടതിയും
ഏറ്റുമുട്ടില്ല: കോടിയേരി
തലശ്ശേരി: ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്ത് തിരിച്ച് നിയമിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇടയില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിധി സര്‍ക്കാരിനെതിരേയുള്ള തിരിച്ചടിയല്ല. വിധി പകര്‍പ്പ് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വിധിയെ ദുരഭിമാനമായി കാണുന്നില്ല. ഇത്തരം നടപടികളുണ്ടാവുന്നത് തടയാനുള്ള മാര്‍ഗം സ്വീകരിക്കും. എം.എം മണിയുടെ പരമാര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും ഇത് എല്ലാവരും മനസിലാക്കണമെന്നും കോടിയേരി വ്യക്തമാക്കി.
വിധി പൂര്‍ണമായി നടപ്പാക്കണം: വി.എസ്
തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി.യായി പുനര്‍നിയമിക്കണമെന്ന സുപ്രിം കോടതിയുടെ വിധി ഉടന്‍ പൂര്‍ണമായി നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.
പിണറായിയുടെ അഹന്തക്കേറ്റ തിരിച്ചടി: കുമ്മനം
തിരുവനന്തപുരം: സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രിം കോടതി വിധി സര്‍ക്കാരിന് മുഖമടച്ചു കിട്ടിയ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായിയുടെ തിട്ടൂരം അംഗീകരിക്കാത്തവര്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന സന്ദേശമാണ് അദ്ദേഹം പലപ്പോഴായി നല്‍കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സംസ്ഥാനമായി പിണറായി കേരളത്തെ മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."