നിയമസഭയിലെ കെ.എം മാണിയെന്ന പാഠപുസ്തകം
തിരുവനന്തപുരം: നിയമസഭയിലെത്തുന്ന കന്നിക്കാരുടെ പാഠപുസ്തകം, കെ.എം മാണി. എന്തിനും ഏതിനും ബഹളവുമായി ചാടിയെണീക്കുന്ന സാമാജികരോട് സ്പീക്കര്‍ ആരായാലും പറയുന്ന ഒരേ വാചകം. കണ്ടുപഠിക്കണം മാണിസാറിനെ. അതേ, എപ്പോഴും വെള്ളവേഷത്തില്‍ നിറചിരിയോടെ എതിരാളികളെ നിശബ്ദരാക്കുന്ന ചാണക്യതന്ത്രങ്ങളുടെ പുസ്തകം. ആക്ഷേപങ്ങളും ആരോപണങ്ങളും സന്തത സഹചാരി ആയിരുന്നെങ്കിലും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി മാത്രമല്ല, പ്രതിസന്ധികളെ അതീജീവിക്കുന്നതില്‍ അസാമാന്യ പാടവം പുലര്‍ത്തിയ നേതാവ് കൂടിയായിരുന്നു കെ.എം മാണി എന്ന മാണിസാര്‍.
ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ എഴുതിച്ചേര്‍ത്ത മാണി സാര്‍ സ്വന്തം ജീവിതം തന്നെ ചരിത്രമാക്കിയ അപൂര്‍വ വ്യക്തിത്വങ്ങളിലൊന്നാണ്. പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച മാണിയുടെ അവസാന ബജറ്റ് അവതരണവും പ്രതിസന്ധികളെ മറികടക്കുന്ന മാണി സ്‌റ്റൈലിന് ഉദാഹരമാണ്. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷം സഭയ്ക്കുള്ളില്‍ തീര്‍ത്ത പ്രതിഷേധം മറികടന്നായിരുന്നു കെ.എം മാണിയുടെ അവസാനത്തെ ബജറ്റ് അവതരണം. പുതുതായി രൂപീകരിച്ച പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മാര്‍ച്ച് അഞ്ചിനായിരുന്നു കെ.എം മാണി തെരഞ്ഞെടുക്കപ്പെട്ടത്. 13 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് അരനൂറ്റാണ്ടിന്റെ ജനവിശ്വാസം കാത്തുസൂക്ഷിച്ച മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല.
1975 ഡിസംബര്‍ 26ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി പത്ത് മന്ത്രിസഭകളില്‍ അംഗമായാണ് ബേബി ജോണിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. അച്യുതമേനോന്‍, പി.കെ വാസുദേവന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായെന്ന റെക്കോര്‍ഡും മാണിക്കുള്ളതാണ്. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണിയുടെ പേരിലാണ്. 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അറിയാത്ത നേതാവുമാണ്.
54 വര്‍ഷമായി പാലായുടെ സ്വന്തം പ്രതിനിധിയായി നിയമസഭയിലിരിക്കുന്നു. ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമവകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി. കൂടാതെ റവന്യൂ (10 വര്‍ഷം), ഹൗസിങ് (4 വര്‍ഷം 6 മാസം), ആഭ്യന്തരം (ഒരു വര്‍ഷം 6 മാസം), ജലസേചനം (10 മാസം) തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു.
ആദ്യമായി കര്‍ഷക പെന്‍ഷന്‍ അനുവദിച്ച കെ.എം മാണിയുടെ 80 ലെ ബജറ്റോടെയാണ് കേരളത്തില്‍ ക്ഷേമപെന്‍ഷനുകളുടെ തുടക്കം. വക്കീലന്‍മാര്‍ക്കും വക്കീല്‍ ഗുമസ്തന്‍മാര്‍ക്കും പെന്‍ഷന്‍ അനുവദിച്ചത് മുതല്‍ 2011ല്‍ കാരുണ്യപദ്ധതി വരെ. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നത് ആദ്യമായി നടപ്പാക്കിയത് കെ.എം മാണിയായിരുന്നു. ക്ഷേമപദ്ധതിയില്‍ ഏറിയ പങ്കും ലക്ഷ്യം വച്ചത് പാവപ്പെട്ടവരെ ആയിരുന്നു. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, പ്രകൃതി ക്ഷോഭം മൂലം കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട്, സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി അങ്ങനെ നീളുന്നു. സംസ്ഥാനമെങ്ങും കുടിവെള്ളവും വൈദ്യുതി എത്തിക്കാന്‍ തുടങ്ങിവച്ച പ്രത്യേക പദ്ധതികളും കെ.എം മാണിയുടെ കൈയൊപ്പ് പതിഞ്ഞതാണ്.
റവന്യൂമന്ത്രി എന്ന നിലയില്‍ അദ്ദേഹമാണ് കേരളത്തിലാദ്യമായി റവന്യൂ അദാലത്തുകള്‍ക്ക് തുടക്കമിട്ടത്. കൂടാതെ ഓരോ കുടുംബത്തിന്റെയും സ്ഥിതി വിവര കണക്കുകള്‍ രേഖപ്പെടുത്തുന്ന റവന്യൂ കാര്‍ഡുകള്‍, ഒരു താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന റവന്യു ടവറുകള്‍ അങ്ങനെ നീളുന്നു പ്രവര്‍ത്തനം.
1979ല്‍ സി.എച്ച് മന്ത്രിസഭ രാജിവച്ചശേഷം ഇടതുമുന്നണിയുടെ പിന്തുണയോടെ കെ.എം മാണി മന്ത്രിസഭക്ക് അവകാശവാദം ഉന്നയിച്ചതാണ്. ഭൂരിപക്ഷം കിട്ടുമായിരുന്നിട്ടും ഗവര്‍ണര്‍ നിയമസഭ പിരിച്ചവിട്ടതോടെയാണ് ആ ശ്രമം പൊളിഞ്ഞത്. അല്ലെങ്കില്‍ മുഖ്യമന്ത്രി പദവും മാണി പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് വീണ്ടും ഇതേ നീക്കത്തിന് കെ.എം മണിയും ഇടതുപക്ഷവും ഒരുങ്ങുന്നതായി ശ്രുതി ഉയര്‍ന്നിരുന്നു. കൂടാതെ ഒരുതവണ കേന്ദ്രമന്ത്രിപദം കൈയകലത്തെത്തി അകന്നുപോയിട്ടുമുണ്ട്. നെടുനാളത്തെ പൊതുജീവിതത്തില്‍ രണ്ടുതവണയാണ് മാണിയുടെ വെള്ള വേഷത്തില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളുടെ കറ പുരണ്ടത്.
പാലായിലെ പാലാഴി ടയര്‍ ഫാക്ടറിക്ക് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ആരോപണം. എന്നാല്‍ അത് ഉന്നയിച്ചവര്‍ തന്നെ വിഴുങ്ങുന്നതും മാണിക്കൊപ്പം ചേരുന്നതും കണ്ട് മലയാളി അന്തംവിട്ടു. അതാണ് മാണി മാജിക്. പിന്നീട് ഉന്നയിക്കപ്പെട്ട ബാര്‍ കോഴ കേസില്‍നിന്നും മോചനം നേടാതെയാണ് മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."