അനുവിന്റെ ചികിത്സക്കു കൈത്താങ്ങുമായി ഓട്ടോ ഡ്രൈവര്‍മാര്‍
കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് തെക്ക് അനുഭവത്തില്‍ രവീന്ദ്രന്കൃഷ്ണകുമാരി ദമ്പതികളുടെ മകന് അനു(17)വിന്റെ ചികിത്സക്കായി വവ്വാക്കാവ് പുലിയന്‍ കുളങ്ങര ആനന്ദാ ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ 26,000രൂപ സമാഹരിച്ചു. ഒരു വര്‍ഷമായി ബ്രെയിന്‍ ടൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. ഇതിനിടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതറിഞ്ഞ് പ്രദേശവാസികളായ ഓട്ടോ തൊഴിലാളികള്‍ സംഘടിച്ച് അനു ചികിത്സ ധനസഹായ നിധി രൂപീകരിച്ചു. സഹായനിധി ചെയര്‍മാനും കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീലേഖ കൃഷ്ണകുമാര്‍ ഓട്ടോ തൊഴിലാളി യൂനിയന്‍ സെക്രട്ടറി നാസറുദ്ദീനില്‍ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."