യുവന്റസും ബാഴ്‌സലോണയും ഇന്നിറങ്ങും
ടൂറിന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ കരുത്തരായ യുവന്റസും ബാഴ്‌സലോണയും ഇന്നിറങ്ങും. യുവന്റസ് അയാക്‌സിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ബാഴ്‌സലോണയുടെ എതിരാളികള്‍.
യുവന്റസ് - അയാക്‌സ്
നിലവിലെ ചാംപ്യന്മാര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയാണ് ഡച്ച് ടീമായ അയാക്‌സ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് റയല്‍ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ട ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി റയലിന്റെ തട്ടകമായി സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ചെന്ന് അടിക്ക് പലിശ സഹിതം തിരിച്ചുകൊടുത്താണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാംപാദത്തില്‍ 4-1നായിരുന്നു അയാക്‌സിന്റെ വിജയം.
ഇരുപാദങ്ങളിലുമായി 5-3ന്റെ വിജയം. യുവ കരുത്തിന് മുന്‍പില്‍ റയലിന്റെ വമ്പന്മാര്‍ തലകുനിച്ച നിമിഷമായിരുന്നു അത്. തകര്‍പ്പന്‍ അട്ടിമറി വിജയവുമായാണ് യുവന്റസും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്പാനിഷ് വെല്ലുവിളി മറികടന്നാണ് യുവന്റസ് ക്വാര്‍ട്ടറിലെത്തിയത്.
അത്‌ലറ്റികോയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ മികച്ചകളി പുറത്തെടുത്തിട്ടും 2-0ത്തിന് പരാജയമറിഞ്ഞ യുവന്റസിനെ സ്വന്തം മൈതാനമായ ടൂറിനില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ ക്വാര്‍ട്ടറിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്. ഹാട്രികുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ റൊണാള്‍ഡോ തന്നെയാണ് യുവന്റസിന്റെ പ്രീ ക്വാര്‍ട്ടര്‍ ഹീറോ. യൂറോ യോഗ്യതാ മത്സരത്തില്‍ പരുക്കേറ്റ റൊണാള്‍ഡോക്ക് ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ നഷ്ടമാവുമെന്ന് അറിയിച്ചിരുന്നെങ്കിലും റൊണാള്‍ഡോ ഇന്നിറങ്ങുമെന്ന് പരിശീലകന്‍ അലെഗ്രി മാധ്യമങ്ങളോട് പറഞ്ഞു. പരുക്കില്‍നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്ന റൊണാള്‍ഡോ ഇന്നലെ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്.
ചാംപ്യന്‍സ് ലീഗില്‍ ആദ്യമായല്ല യുവന്റസും അയാക്‌സും ഏറ്റുമുട്ടുന്നത്. ഇതുവരെ എട്ടു മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം പോരടിച്ചിട്ടുണ്ട്. എട്ടില്‍ ഒരു മത്സരത്തില്‍ മാത്രമേ അയാക്‌സിന് ഇറ്റാലിയന്‍ ശക്തിയെ മറികടക്കാന്‍ കഴിഞ്ഞിട്ടുള്ളു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാല് മത്സരത്തില്‍ യുവന്റസാണ് വിജയം കൊയ്തത്. 1973ല്‍ ബെല്‍ഗ്രേഡില്‍ നടന്ന ചാപ്യന്‍സ് ലീഗ് ഫൈനലിലാണ് അയാക്‌സിന്റെ വിജയം. അന്ന് അഞ്ചാം മിനുട്ടില്‍ ജോണി റെപ് നേടിയ ഗോളില്‍ അയാക്‌സ് യുവന്റസിനെ പരാജയപ്പെടുത്തി ചാംപ്യന്മാരായി. പക്ഷേ 1996ല്‍ റോമില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസ് ഇതിന് മറുപടി കൊടുത്തു. പെനാല്‍റ്റിയിലേക്ക് നീങ്ങിയ ഫൈനലില്‍ 4-2നാണ് യുവന്റസ് വിജയിച്ചത്.
മൊറോക്കോ താരം ഹക്കീം സിയേച്ച്, ഡച്ച് താരങ്ങളായ ടുസാന്‍ ടാഡിച്ച്, ഡി ജോങ് എന്നിവരാണ് അയാക്‌സിന്റെ തുരുപ്പുചീട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇറ്റലിയുടെ ബെര്‍ണാഡ്‌സ്‌കി, അര്‍ജന്റീനയുടെ ഡിബാല എന്നിവര്‍ ജുവന്റസ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -
ബാഴ്‌സലോണ
രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയോട് പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാനുണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്. 2009ല്‍ റോമിലും 2011ല്‍ ലണ്ടനിലും ബാഴ്‌സലോണയുടെ പോരാട്ടവീര്യത്തിന് മുന്‍പില്‍ ചാംപ്യന്‍സ് ലീഗ് കിരീടം അടിയറവ്‌വച്ച മാഞ്ചസ്റ്റര്‍ ഇത്തവണ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണക്ക് മടക്കടിക്കറ്റ് നല്‍കാനാവുമെന്ന വിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. ഓലെ ഗണ്ണര്‍ സോല്‍ഷ്യാര്‍ പരിശീലക സ്ഥാനത്ത് എത്തിയതിന് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മാഞ്ചസ്റ്ററിന് മാന്ത്രിക കാലുകളാല്‍ മായാജാലം തീര്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയെ മറികടക്കുക പ്രയാസകരമാവും.
പ്രീ കാര്‍ട്ടറില്‍ പി.എസ്.ജിയുടെ വെല്ലുവിളി അവസാന മിനുട്ടുകളില്‍ മറികടന്നാണ് മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ലിയോണിന്റെ പ്രതിരോധപൂട്ട് പൊളിച്ചാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യപാദത്തില്‍ ബാഴ്‌സലോണയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ലിയോണ്‍ രണ്ടാംപാദത്തില്‍ അഞ്ച് ഗോളുകളാണ് വാഴങ്ങിയത്. ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ബാഴ്‌സലോണയുടെ ആക്രമണ ഫുട്‌ബോളിന് മുന്‍പില്‍ തലകുനിച്ചു മടങ്ങേണ്ടിവന്നു. ആദ്യപാദ മത്സരത്തില്‍ ഗോള്‍വലക്ക് മുന്‍പില്‍ ചിറകുവിരിച്ച് രക്ഷകനായ പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ആന്റണി ലോപസ് ആദ്യപകുതിയില്‍ പരുക്കേറ്റ് മടങ്ങിയതും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമായി. ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ എട്ടു മത്സരങ്ങളില്‍ മാഞ്ചസ്റ്ററും ബാഴ്‌സയും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയിക്കാനായിട്ടുള്ളൂ. നാല് മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് മത്സരത്തില്‍ ബാഴ്‌സ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."