നിലമ്പൂരില്‍ മോഷണസംഘം പിടിയില്‍
നിലമ്പൂര്‍: വിവിധ ജില്ലകളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ട മോഷണ സംഘം നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായി. കോതമംഗലം നെല്ലിമറ്റം മാന്‍കുഴികുന്നേല്‍ വീട്ടില്‍ ബിജു എന്ന ആസിഡ് ബിജു (43), സഹായികൊപ്പം തിരുവേഗപ്പുറം സ്വദേശി നീളന്‍തൊടിയില്‍ വീട്ടില്‍ രാജീവ് എന്ന കുട്ടന്‍ (41) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് താലിമാല ഉള്‍പ്പെടെയുള്ള ആറ് പവന്‍ ആഭരണങ്ങളും കവര്‍ച്ചക്കായി ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു. അടുത്തിടെ പട്ടാമ്പിയിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളാണിതെന്ന് പൊലിസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ 26 ന് നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോസിന്റെ വീട്ടില്‍ നിന്ന് 15 പവനും പണവും മോഷണം പോയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ആസിഡ് ബിജുവും സഹായിയും പിടിയിലാവുന്നത്. കൊപ്പം, പട്ടാമ്പി, ചാലിശ്ശേരി, തൃത്താല, പെരിന്തല്‍മണ്ണ, കോതമംഗലം, മുവാറ്റുപുഴ, അരീക്കോട്, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് 70 പവനോളം സ്വര്‍ണാഭരണങ്ങള്‍ ആസിഡ് ബിജു മോഷണം നടത്തിയതായി പൊലിസ് പറഞ്ഞു. 1993 മുതല്‍ ബിജു മോഷണ കേസുകളില്‍ പ്രതിയാണ്. മൂന്ന് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് പട്ടാമ്പിയില്‍ വീണ്ടും മോഷണം നടത്തുന്നത്.
പകല്‍ ബൈക്കില്‍ കറങ്ങി നടന്നാണ് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവെക്കുന്നത്. പിന്നീട് രാത്രിയെത്തിയാണ് മോഷണം. വാതിലുകള്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്തും ഓടിട്ട വീടാണെങ്കില്‍ ഓടിളക്കി അകത്തു കടന്നുമാണ് കവര്‍ച്ച. മിക്കപ്പോഴും ബിജു ഒറ്റക്കാണ് കവര്‍ച്ച നടത്തുന്നത്.
കൂടെയുള്ളവര്‍ മോഷണ മുതലുകള്‍ വില്‍പ്പന നടത്തുന്നതിനും മറ്റുമാണ് പങ്കാളിയാവുന്നത്. ജയിലില്‍ വച്ചാണ് രാജീവ് ബിജുമായി പരിചയപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം ബിജുവിന് ഇയാള്‍ പട്ടാമ്പി കൊപ്പം കൊടുമുടി എന്ന സ്ഥലത്ത് വാടകമുറി ഒരുക്കുകയും ചെയ്തു. കവര്‍ച്ച മുതല്‍ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനും വിനോദയാത്രക്കുമാണ് ബിജു ഉപയോഗിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. അതേസമയം നിലമ്പൂരിലെ വീട്ടിലെ കവര്‍ച്ചയുമായി സംഘത്തിന് ബന്ധമില്ലെന്നാണ് സൂചന.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സി.ഐ ബിജു, എസ്.ഐ ബിനു തോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെയും നിലമ്പൂര്‍ ടൗണ്‍ ഷാഡോ ടീമിലെയും അംഗങ്ങളായ സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, പി.ജയപ്രകാശ്, പ്രദീപ്, മാത്യൂസ്, ശ്രീകുമാര്‍, എം.മനോജ്, സക്കീറലി, വനിത സി.പി.ഒ ടി.ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."