കെ.എം മാണിക്ക് അനുശോചനവുമായി ആശുപത്രിയില്‍ നേതാക്കളുടെ നീണ്ടനിര
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനു
മായിരുന്ന കെ.എം മാണിക്ക് ആനുശോചനവുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിലേക്ക് നേതാക്കളൊഴുകിയെത്തി. മന്ത്രി ജി.സുധാകരന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.ജെ ജോസഫ്, എ.കെ മുനീര്‍ എം.എല്‍.എ, എം.സ്വരാജ് എം.എല്‍.എ, അല്‍ഫോന്‍സ് കണ്ണന്താനം, പി.സി തോമസ്, ജോണി നെല്ലൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ ആശുപത്രിയിലെത്തി. മാണിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായിരുന്ന വിവിധ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും പ്രചാരണം നിര്‍ത്തിവച്ച് മാണിയുടെ ഭൗതികശരീരം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ലേക്‌ഷോര്‍ ആശുപത്രിയിലെത്തി.
രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം:
പി. രാജീവ്
എറണാകുളം മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി പി രാജീവ് ഏലൂര്‍ മേഖലയില്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. ഏലൂരില്‍ പ്രചാരണം അവസാനിപ്പിച്ച പി രാജീവ് ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും ഒഴിവാക്കപ്പെടാന്‍ കഴിയാത്ത പേരാണ് കെ.എം മാണിയുടേതെന്ന് പി രാജീവ് പറഞ്ഞു. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അദ്ദേഹത്തിന്റെ രാഷട്രീയ ജീവിതത്തിലുണ്ട്. തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവെന്നത് കെ.എം മാണിയുടെ ജനകീയത എത്രമാത്രം വലുതായിരുന്നുവെന്ന് കാണിക്കുന്നു. വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തു കൊണ്ട് ഭരണരംഗത്ത് അദ്ദേഹം കാഴ്ചവെച്ച മികവ് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് പി. രാജീവ് പറഞ്ഞു.
കേരളത്തിന് വലിയ നഷ്ടം: ഇന്നസെന്റ്
മാണിസാറിന്റെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് ഇന്നസെന്റ് പറഞ്ഞു. പര്യടനം കക്കാട് എത്തിയപ്പോഴാണ് ദീര്‍ഘകാലം കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയുടെ നിര്യാണവാര്‍ത്ത അറിയുന്നത്. പ്രഗല്‍ഭനായ ഒരു ജനനേതാവിനെയാണ് മാണിസ്സാറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ
സര്‍വവിജ്ഞാന കോശം:
ഹൈബി ഈഡന്‍
കേരള നിയമസഭയിലെ ഒരു സര്‍വവിജ്ഞാന കോശമായിരുന്നു മാണിസാറെന്ന് ഹൈബി ഈഡന്‍. പാര്‍ലമെന്റേറിയനായും ധനകാര്യ മന്ത്രി എന്ന നിലയിലും യുവാക്കള്‍ക്ക് നിയമസഭക്ക് അകത്തും പുറത്തും ഒരുപോലെ പ്രചോദനവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. മാണിസാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏവരുടെയും
അഭ്യുദയകാംക്ഷി:
മാര്‍ ആലഞ്ചേരി
കേരളത്തിലെ ജനതയ്ക്കും ക്രൈസ്തവസഭകള്‍ക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ.എം മാണിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. കാരുണ്യ പദ്ധതി ഉള്‍പ്പടെ പാവങ്ങള്‍ക്കായുള്ള ജനക്ഷേമ പദ്ധതികള്‍ക്ക് അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തതു എല്ലാ ഭരണകര്‍ത്താക്കള്‍ക്കും മാതൃകയാണ്.
ജാതിമതഭേദമന്യേ കേരളത്തിലെ ജനതയെ അദ്ദേഹം സ്‌നേഹിച്ചു. അവര്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ചു.അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാ രാഷ്ട്രിയ, സാമുദായിക പ്രവര്‍ത്തകരോടും, കുടുംബാംഗങ്ങളോടും പ്രത്യേകമായി സഹധര്‍മിണി കുട്ടിയമ്മയോടും ജോസ് കെ. മാണി എംപി ഉള്‍പ്പടെയുള്ള മക്കളോടും അനുശോചനം അറിയിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.
പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ:
കെ.വി തോമസ്
കേരള രാഷ്ട്രിയത്തിലെ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്നു അന്തരിച്ച കെ.എം.മാണി എന്ന് പ്രൊഫ.കെ.വി.തോമസ് എം.പി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭരണരംഗത്തെ റക്കോര്‍ഡുകള്‍ മാത്രമല്ല, തലമുറകളുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു മാണിസാര്‍. സമകാലികരും പിന്‍ തലമുറക്കാരും എല്ലാം അദ്ദേഹത്തെ സംബോധനചെയ്തിരുന്നത് രാഷ്ട്രീയ രംഗത്ത് അദ്ദേഹം വഹിച്ച സ്ഥാനത്തിന്റെ മഹത്വം കൂടിയായിരുന്നുവെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."