കെവിന്‍ വധം: മുഖ്യപ്രതിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി
ഏറ്റുമാനൂര്‍: കെവിന്‍ വധക്കേസില്‍ മുഖ്യപ്രതി സാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ഇതുവരെയില്ലാത്ത ആവശ്യം പെട്ടെന്ന് ഉന്നയിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇത് തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിനുള്ള അന്വേഷണസംഘത്തിന്റെ ഉപാധിയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയുമായി സാനു ഫോണില്‍ സംസാരിച്ചിരുന്നത് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിള്‍ എടുക്കണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചത്.
നീനുവിന് മാനസികരോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരം ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കി.
നീനുവിനെ മൂന്ന് തവണ തന്റെയടുത്ത് കൗണ്‍സലിങ്ങിന് ഹാജരാക്കിയിരുന്നുവെന്നാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രി മനഃശാസ്ത്ര വിഭാഗത്തിലെ ഡോ. വൃന്ദ തന്റെ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ മാനസികരോഗം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍നിന്ന് ഒരിക്കലും പിന്‍മാറില്ലെന്നും നീനു തന്നോട് പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കുന്നു.
അതേസമയം, നീനുവിന് മാനസികരോഗം ഉണ്ടായിരുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാഗം. ഇത് തെളിയിക്കാനായി ഒരു മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കെവിന്റെ വീട്ടില്‍ നീനു താമസിക്കുന്നതു സംബന്ധിച്ചും മറ്റുമുള്ള പൊലിസിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇത് കോടതി പരിഗണിക്കും. കേസിലെ അഞ്ചാം പ്രതിയായ ചാക്കോ ഒഴികെ ഒന്നു മുതല്‍ പതിമൂന്നുവരെ പ്രതികള്‍ക്കായി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 16ലേക്ക് മാറ്റി.
മാനസികരോഗമുള്ള നീനുവിനെ പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹത്തിന് ഒരുക്കുകയായിരുന്നുവെന്നും ഇപ്പോഴുള്ള കഥ കെവിന്റെ ബന്ധുവായ അനീഷ് മെനഞ്ഞുണ്ടാക്കിയതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ പി.കെ വിനോദ് ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."