കെ.എം മാണി: ആധുനിക പാലായുടെ ശില്‍പി
പാലാ: മുത്തോലി മുതല്‍ ഭരണങ്ങാനം വരെ പട്ടണപ്രൗഢിയില്‍ എത്തിച്ച ആധുനിക പാലായുടെ ശില്‍പി കെ.എം മാണി 2011-2016 കാലയളവില്‍ ബജറ്റ് വിഹിതമായി പാലായ്ക്കായി സമ്മാനിച്ചത് 3000 കോടി. വിവിധ ജില്ലാതല ഓഫിസുകള്‍ പാലായില്‍ സ്ഥാപിക്കപ്പെട്ടു. വികസനത്തിന്റെ മോഡല്‍ മണ്ഡലമായി പാലാ മാറി. ദേശീയ പാതകളിലും എം.സി റോഡിലും എല്ലാം കലുങ്കിന്റെ വീതി മാത്രമുള്ള പാലങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പാലാ നഗരത്തിലെ ളാലം പാലം, വലിയ പാലം, കിഴതടിയൂര്‍ ബൈപാസ് പാലം എന്നിവയെല്ലാം നാലുവരി ഇരട്ടപ്പാലങ്ങളാണ്.
പ്പലം പഞ്ചായത്തിലെ അരുവിത്തുറ കോളജ് കടവ് പാലവും ഇരട്ടപ്പാലമാണ്. മീനച്ചിലാറിന് കുറുകെ പണിതീര്‍ത്തത് നിരവധി പാലങ്ങളാണ്. വട്ടോളിക്കടവ്, വിലങ്ങുപാറ കടവ്, തറപ്പേല്‍ കടവ്, കളരിയാംമാക്കല്‍ കടവ്, കടപ്പാട്ടൂര്‍ എന്നീ പാലങ്ങളെല്ലാം ഭരണതന്ത്രജ്ഞനായ കെ.എം മാണിയുടെ സമ്മാനങ്ങളാണ്. ളാലം തോടിനു കുറുകെ പയപ്പാറിലും അന്ത്യാളത്തും പുതിയ പാലങ്ങള്‍ തീര്‍ത്തു. പാലാ നഗരസഭാ പ്രദേശമായ കളരിയാംമാക്കല്‍ കടവ് മുതല്‍ ഈരാറ്റുപേട്ട നഗരസഭാ പ്രദേശം വരെ കളരിയാംമാക്കലും തലപ്പലം പഞ്ചായത്തില്‍ ആറാം മൈലിലും ചെക്ക്ഡാമുകള്‍ സ്ഥാപിച്ച് മീനച്ചിലാറ്റില്‍ ജലസമൃദ്ധി സൃഷ്ടിച്ചതും കെ.എം മാണിസാര്‍ തന്നെ.
കൊച്ചിയിലും തിരുവനന്തപുരത്തുമല്ല പാലായില്‍തന്നെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുവാനാണ് പാലായില്‍ ട്രിപ്പിള്‍ ഐ.ടി സ്ഥാപിതമായത്. അന്താരാഷ്ട്ര നിലവാരമുള്ള റോഡ് ശൃംഖലയുള്ള ഏക നിയോജമണ്ഡലമാണ് പാലാ. ഗ്രാമപ്രദേശത്തെ റോഡുകള്‍ക്കുപോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.എം.ബി.സി ടാറിങ്.
മീനച്ചില്‍ താലൂക്കിന്റെ തലസ്ഥാനമായ പാലായില്‍ മെഡിക്കല്‍ കോളജിനു തുല്യമായ നിലയിലാണ് താലൂക്ക് ആശുപത്രി വികസിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ ആധുനിക രോഗനിര്‍ണയവും സാധ്യമാക്കി വിദഗ്ധ ചികിത്സയ്ക്കായുള്ള സജ്ജീകരണങ്ങളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഇടത്താവളമായി കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തെ പ്രഖ്യാപിച്ചു. ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത ക്ഷേത്രം ഇടത്താവളമാക്കിയത് പാലായിലെ കടപ്പാട്ടൂര്‍ മാത്രമാണ്. അഞ്ചുലക്ഷം രൂപാ വീതം ഇവിടെയ്ക്കു ഗ്രാന്റും ഉറപ്പുവരുത്തി. ഇടപ്പാടിയില്‍ ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തോട് അനുബന്ധിച്ച് ശ്രീനാരായണഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം, ഭരണങ്ങാനം ക്ഷേത്ര നവീകരണം, ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രത്തിന് ഒരു കോടി, രാമപുരം നാലമ്പല റോഡുകള്‍ക്ക് 67 കോടി തുടങ്ങിയ കെ.എം മാണി അനുവദിച്ചത് നിരവധി പദ്ധതികളാണ്.
അവസാനമായി പങ്കെടുത്തത് ജനമഹാ യാത്രയില്‍
പാലാ : കെ.എം മാണി എം.എല്‍.എ അവസാനമായി പങ്കെടുത്ത പൊതുപരിപാടി കോണ്‍ഗ്രസിന്റെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്രക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തിലാണ്.
കഴിഞ്ഞ് ഫെബ്രുവരി 20ന് രാത്രി 10 മണിയോടെയാണ് പാലായില്‍ ജനമഹായാത്ര പാലായില്‍ എത്തിയത്. അവശനായിരുന്നെങ്കിലും കെ.എം മാണി മകന്‍ ജോസ് കെ. മാണിയോടൊപ്പം വേദിയിലെത്തി. വളരെ പാടുപെട്ടാണ് അദ്ദേഹം വേദിയിലേക്കു കയറിയത്. തുടര്‍ന്ന് ജനങ്ങളോടെ മാണി പ്രസംഗിക്കുകയും ചെയ്തിരുന്നു.
മാണി അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു.
വിങ്ങിപ്പൊട്ടി തങ്കച്ചന്‍
പാലാ : കെ.എം മാണിയുടെ സന്തതസഹചാരിയായിരുന്ന പ്രൈവറ്റ് സെക്രട്ടറി തങ്കച്ചന്‍ കുഴുമ്പിലിനു പ്രിയ നേതാവിന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്‌നേഹപൂര്‍വ്വമുള്ള മാണിസാറേ എന്ന വിളിയാണ് ഇക്കാലമത്രയും തനിക്ക് സന്തോഷം പകര്‍ന്നിരുന്നതെന്ന് തങ്കച്ചന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ 32 വര്‍ഷക്കാലമായി മാണിയുടെ നിഴല്‍പോലെ കൂടെയുണ്ട് തങ്കച്ചന്‍.
മാണിസാറിന് അസുഖം കൂടുതലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കരിങ്ങോക്കല്‍ വസതിയിലെ പ്രാര്‍ഥനാ മുറിയിലായിരുന്നു തങ്കച്ചന്‍.
അഞ്ചുമണിയോടെ മാണിസാറിന്റെ വിയോഗം പുറത്തുവന്നതോടെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വസതിയുടെ പാര്‍ച്ചിലെ കസേരിയില്‍ ചിന്തിച്ചിരിക്കുന്ന തങ്കച്ചനെ കുടുംബാംഗങ്ങളും നേതാക്കളും ഏറെ പണിപ്പെട്ടാണ് ആശ്വസിപ്പിച്ചത്.
നേതാക്കന്മാര്‍ വസതിയിലേക്കെത്തുമ്പോഴെല്ലാം അവരെനോക്കി തങ്കച്ചന്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. 12 വര്‍ഷമായി മാണി സാറിന്റെ യാത്രക്കെല്ലാം തേരാളിയായ ഡ്രൈവര്‍ ബെന്നിക്കും ഇത് താങ്ങാവുന്നതിലേറെയാണ്. മന്ത്രിയായിരുന്ന കാലത്തുപോലും യാത്രകളില്‍ മാണി ബെന്നിയെ ഒഴിവാക്കിയിരുന്നില്ല.
മാണിയുടെ വിയോഗം ബെന്നിയുടെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ടായിരുന്നു. തിരക്കുകളില്‍ നിന്നും മാറി നിന്ന് ഓര്‍മ്മകള്‍ അയവിറക്കുന്ന ബെന്നി കാഴ്ചക്കാര്‍ക്ക് നൊമ്പരമായി.
പതിവ് തെറ്റിക്കാതെ കെ.എം മാണിയുടെ ഞായറാഴ്ച ജനസമ്പര്‍ക്ക പരിപാടി
പാലാ : ആദ്യഭാര്യ കുട്ടിയമ്മയും രണ്ടാം ഭാര്യ പാലായുമാണെന്നാണ് കെ.എം മാണി പറയാറുള്ളത്. തന്റെ കുടുംബത്തെ പോലെ തന്നെ പാലാക്കുവേണ്ടിയും അദ്ദേഹത്തിനു വലിയ കരുതലുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞായറാഴ്ച ദിവസങ്ങളിലെ ജനസമ്പര്‍ക്ക് പരിപാടി.
ഏറെ തിരക്കേറിയ വ്യക്തിയായിട്ടും എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ അദ്ദേഹം പാലായിലെ വീട്ടില്‍ തന്നെ കാണാനെത്തുന്നവരെ നേരിട്ട് സ്വീകരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍, നിവേദനങ്ങള്‍, പരാതികള്‍ എല്ലാത്തിനും പരിഹാരം അപ്പോള്‍തന്നെ കാണുവാന്‍ ശ്രമിക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന സമസ്ത മേഖലകളിലും സ്വന്തം ആശയങ്ങളും ചിന്തകളും നൂതന ആശയങ്ങളും ക്രിയാത്മകതയും എന്തിന് വിപ്ലവ ആശയങ്ങള്‍വരെ നടപ്പിലാക്കാനായുള്ള ഉപകരണമാണ് സംസ്ഥാന ബജറ്റ് എന്ന സത്യം മനസിലാക്കിയത് കെ.എം മാണിയായിരുന്നു.
കെ.എം മാണി എന്ന ജനപ്രതിനിധിയെ വിലയിരുത്തേണ്ടത് സംസ്ഥാനത്തെ ജനങ്ങള്‍ക്കും രാജ്യത്തിനും ലോകത്തിനും എന്തു സംഭാവനകള്‍ നല്‍കി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം.
കെ.എം മാണി രൂപം നല്‍കിയ 13 സംസ്ഥാന ബജറ്റുകള്‍ വിശകലനം ചെയ്താലെ പാലാക്കാര്‍ക്ക് മാണിയുടെ മഹത്വം മനസിലാകു. ഏഷ്യന്‍ സാമ്പത്തിക സമൂഹം എന്ന കെ.എം മാണിയുടെ 1990-കളിലെ ആശയം നാം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ റബര്‍ വിലയിടിവുപോലും ഉണ്ടാകുമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."