സംരക്ഷണഭിത്തിയില്ല; കുരുതിക്കളം ഒന്നാം വളവില്‍ അപകടക്കെണി
മൂലമറ്റം: കുരുതിക്കളം ഒന്നാം വളവില്‍ സംരക്ഷണഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലെ റോഡിന്റെ ഇടതുവശത്ത് വലിയ കൊക്കയുള്ള കുരുതിക്കളം ഒന്നാം വളവിലാണ് സംരക്ഷണഭിത്തിയില്ലാത്തത്. വെളളിയാമറ്റം പഞ്ചായത്തിലെ മേച്ചേരിമലയുടെ സമീപത്തുള്ള ഈ വലിയ കൊക്കയിലേക്ക് വാഹനങ്ങള്‍ മറിഞ്ഞ് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കൊക്കയിലേക്കാണ് നാട്ടുകാര്‍ ഇപ്പോള്‍ മാലിന്യം തള്ളുന്നത്. ആള്‍താമസമില്ലാത്ത പ്രദേശമാണിവിടം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സര്‍ക്കാരിന്റെ മരുന്നുകയറ്റിവന്ന വാഹനം ഈ കൊക്കയിലേക്കു മറിഞ്ഞ് അപകടമുണ്ടായിരുന്നു. നിരവധി അപകടങ്ങളാണ് ദിവസവും ഇവിടെ നടക്കുന്നത്.
ഇടുക്കിയില്‍നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പെടാറുള്ളത്. അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനവും ദുര്‍ഘടമാണ്. മുള്‍പടര്‍പ്പും, പാറക്കെട്ടും നിറഞ്ഞ പ്രദേശമാണിവിടം. പാറക്കെട്ടായ ഇവിടെ റോഡിന് ആവശ്യത്തിന് വീതിയില്ല . ഈ റൂട്ടിലുളള മറ്റ് വലിയ വളവുകള്‍ക്ക് സംരക്ഷണഭിത്തിയുണ്ട്. എന്നാല്‍ വളരെ അപകടകരമായ ഇവിടെ മാത്രം ഇതിനു നടപടിയില്ല. ഏതെങ്കിലും വാഹനം നിയന്ത്രണം വിട്ടാല്‍ തന്നെ ഇടിപ്പിച്ചു നിര്‍ത്താനും സൗകര്യമില്ല.
ആള്‍ താമസം കുറവുള്ള ഇവിടെ രാത്രിയില്‍ ഒരപകടം ഉണ്ടായാല്‍ പുറംലോകം അറിയുകയുമില്ല. സര്‍വീസ് വാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും ഉള്‍പ്പടെ നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലെ അപകടകവളവിലെ ഭീഷണി ഒഴിവാക്കാന്‍ സര്‍ക്കാരോ ജനപ്രതിനിധികളോ താല്‍പര്യം കാണിക്കുന്നില്ല. അടുത്ത കാലത്ത് തന്നെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടെങ്കിലും ഇതെല്ലാം ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയാണ് ഉണ്ടായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധം ഉണ്ട്. എത്രയും വേഗം കുരുതിക്കളം ഒന്നാം വളവില്‍ സംരക്ഷണഭിത്തി നിര്‍മിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."