'നമ്മുടെ ആരോഗ്യം' ആദ്യ കമ്മ്യൂണിറ്റി ആശുപത്രി മതിലകത്ത്
മതിലകം: എടമുട്ടം ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ' നമ്മുടെ ആരോഗ്യം 'ജനകീയ പദ്ധതി പ്രകാരം ആദ്യ കമ്മ്യൂണിറ്റി ആശുപത്രി മതിലകത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആല്‍ഫ ചെയര്മാന് കെ.എം നൂറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചേറ്റുവ മുതല്‍ അഴീക്കോട് വരെയുള്ള പഞ്ചായത്തുകളിലെ ഒരു ലക്ഷം കുടംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പ്രതിമാസം നൂറു രൂപ വീതം ഓരോ കുടംബത്തില്‍ നിന്നും ഈടാക്കി മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സയെന്നതാണ് പദ്ദതി ലക്ഷ്യമിടുന്നത്. ഗര്‍ഭകാല പരിചരണം, പ്രസവം, തുടര്‍പരിചരണം, ജനറല്‍ മെഡിസിന്, ശിശുരോഗ ചികിത്സ, ശസ്ത്രക്രിയാ വിഭാഗം, ഡയാലിസിസ്, ട്രോമ കെയര്‍ തുടങ്ങി ആധുനിക സൗകര്യങ്ങളോടെയായിരിക്കും ജനകീയ ആശുപത്രിയുടെ തുടക്കം. പഞ്ചായത്ത് തലങ്ങളില്‍ ലബോറട്ടറി, എക്സ്റേ, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളോടെ പ്രൈമറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും. പദ്ധതിയുടെ വിളംബര സമ്മേളനം ഈ മാസം 29ന് വൈകീട്ട് 4.30ന് മതിലകം സി.കെ വളവില്‍ നടക്കും. നമ്മുടെ ആരോഗ്യം പദ്ധതി ഭാരവാഹികളായ വഹീദ അബ്ദു, പി.ശ്രീകുമാര്‍, കെ.എ ഖദീജാബി, സുരേഷ് ശ്രീധരന്, സന്ധ്യ സുജിത്ത്, താഹിറ പറൂപ്പന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."