നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മോക്ഡ്രില്‍ 'സാഗര്‍ കവച് ' തുടങ്ങി
കൊടുങ്ങല്ലൂര്‍: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മോക്ഡ്രില്‍ സാഗര്‍ കവച് തുടങ്ങി. നാവിക സേന, ബി.എസ്.എഫ്, കോസ്റ്റ് ഗാര്‍ഡ്, പൊലിസ്, കസ്റ്റംസ്, ഫിഷറീസ്, തുറമുഖ വകുപ്പ് എന്നീ ആറ് വകുപ്പുകള്‍ സംയുക്തമായാണ് സാഗര്‍ കവച് എന്ന സാഹസിക തീരസംരക്ഷണ പരീക്ഷണ പ്രവര്‍ത്തനം നടത്തുന്നത്. കടല്‍ വഴിയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റവും, ലഹരിക്കടത്തും തടയുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സമുദ്രതീരം കേന്ദ്രീകരിച്ച് നടത്തുന്ന മോക്ഡ്രില്ലില്‍ കടലോര ജാഗ്രതാ സമിതിയും പങ്കാളികളാണ്.
അഴീക്കോട് തീരദേശ പൊലിസ് സ്റ്റേഷനിലെ മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും മുഴുവന്‍ പൊലിസും, തീരദേശ സ്റ്റേഷനുകളായ കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട്, വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട് എന്നിവിടങ്ങളിലെ പൊലിസും സാഗര്‍ കവച് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കരയിലെയും തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വരെ കടലിലെയും സുരക്ഷാ ചുമതല പൊലിസിനാണ്.
അതിനപ്പുറം കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവ കപ്പലുകളുടെയും, ഹെലികോപ്ടറിന്റെയും സഹായത്തോടെ സുരക്ഷാ കവചമൊരുക്കിയിട്ടുണ്ട്. സുരക്ഷാ സേനയുടെ കവചം ഭേദിച്ച് ദേശവിരുദ്ധര്‍ക്ക് കടന്നു കയറാനാകുമോ എന്ന് പരീക്ഷിക്കുകയാണ് സാഗര്‍ കവചിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ തീവ്രവാദികളെന്ന പോലെ കടല്‍ വഴി കരയിലെത്താന്‍ ശ്രമിക്കും.
ഇവരെ കണ്ടെത്തി പിടികൂടുകയാണ് സാഗര്‍ കവചിലെ അംഗങ്ങളുടെ ചുമതല. ഇതിനിടെ ചില തീരദേശ സ്റ്റേഷനുകളില്‍ മോക്ഡ്രില്ലിന് ആവശ്യത്തിന് പൊലിസിനെ ലഭിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."