'സ്‌നേഹസ്പര്‍ശ'ത്തിന് ഔദ്യോഗിക അംഗീകാരം
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹസ്പര്‍ശ'ത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2012ലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിച്ചത്. ഡയാലിസിസ് ധനസഹായം, വൃക്ക മാറ്റി വച്ചവര്‍ക്ക് മരുന്ന്, മാനസിക രോഗികള്‍ക്ക് ചികിത്സയും, മരുന്നും, അഗതികളായ എയ്ഡ്‌സ് രോഗബാധിതര്‍ക്ക് താമസം, ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ രണ്ട് കെയര്‍ സെന്റര്‍, വൃക്ക-ജീവിതശൈലീ രോഗനിര്‍ണയത്തിനായി മൊബൈല്‍ ക്ലിനിക്, വൃക്കരോഗ അവയവദാന ബോധവല്‍ക്കരണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണു സ്‌നേഹസ്പര്‍ശത്തിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1500ഓളം ഗുണഭോക്താക്കള്‍ റവന്യു ജില്ലാ അടിസ്ഥാനത്തില്‍ ഈ പദ്ധതിയിലുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു വിഭവസമാഹരണം വഴി സ്വരൂപിച്ച 12.45 കോടി രൂപ ഉപയോഗിച്ചായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വന്നിരുന്നത്. എന്നാല്‍ ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ ഡി.പി.സി അംഗീകാരത്തോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയിലാണ് പുതിയ തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡി.പി.സി.യുടെ തീരുമാനത്തിനു വിധേയമായി സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്കു തുക വകയിരുത്തുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."