വേനല്‍ക്കാലം: കുപ്പിവെള്ള കമ്പനികള്‍ കൊയ്യുന്നത് കോടികള്‍
കഞ്ചിക്കോട്: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ കുപ്പിവെള്ള കമ്പനികള്‍ കൊയ്യുന്നത് കോടികള്‍. മാസങ്ങള്‍ക്കു മുമ്പ് നടപ്പിലാക്കിയ 12 രൂപയുടെ കുപ്പിവെള്ളമെല്ലാം സ്വപ്നങ്ങളില്‍ മാത്രമാണിപ്പോള്‍. ഒരു ലിറ്ററിന് 20 രൂപയും രണ്ടുലിറ്ററിന് 35 രൂപയുമാണ് ഇപ്പോഴത്തെ വില. സംസ്ഥാനങ്ങള്‍ക്കകത്തു നിന്നുള്ള കമ്പനികള്‍ക്കു പുറമെ തമിഴ്‌നാട്ടില്‍നിന്നുള്ള നിരവധി കുപ്പിവെള്ളങ്ങളും വിപണിയില്‍ കച്ചവടം കൊഴുപ്പിക്കുകയാണ്. 2016 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 142 കുപ്പിവെള്ള കമ്പനികളുണ്ടായിരുന്നുവെന്ന് പറയുമ്പോഴും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കമ്പനികളെപ്പറ്റി വിവരങ്ങളൊന്നുമില്ല.
സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളവും വിപണിയിലെത്തിന്നുണ്ടെങ്കിലും ഇതിന്റെ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന് ഏകദേശം മൂന്ന് രൂപയില്‍ താഴെയാണ് നിര്‍മാണച്ചെലവെന്നിരിക്കെ ഇതില്‍ കൂടുതല്‍ ലാഭം കൊയ്യുന്നത് കച്ചവടക്കാരാണ്. 12 കുപ്പികളുള്ള ഒരു കെയ്‌സിന് 100-110 രൂപയാണെന്നിരിക്കെ കൂടുതല്‍ കെയ്‌സുകളിറക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകളും നല്‍കുന്നുണ്ട് വിതരണക്കാര്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12നാണ് കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കേരള ബോട്ടില്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഉത്തരവിറക്കിയത്. എന്നാല്‍ കുപ്പിവെള്ള തണുപ്പിച്ചു നല്‍കുന്നതിനാല്‍ 12 രൂപയ്ക്ക് വെള്ളം വില്‍ക്കാന്‍ തയാറാകാത്തതും കുത്തകകമ്പനികള്‍ 20 രൂപ പ്രിന്റ് ചെയ്ത് വെള്ളം ഇറക്കുകയും ചെയ്തതോടെ ഉത്തരവ് പാഴായി.
1980 കളുടെ അവസാനത്തോടെയാണ് വിപണിയിലെത്തുന്ന കുപ്പിവെള്ളത്തിന് മിനറല്‍ വാട്ടറെന്ന നാമകരണം വന്നത്. സംസ്ഥാനത്ത് 15 ഓളം കമ്പനികള്‍ക്ക് കുപ്പിവെള്ള നിര്‍മാണത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളും നിരവധിയാണ്. കഴിഞ്ഞ സീസണില്‍ പാലക്കാടു മാത്രം നിരവധി വ്യാജ കുപ്പിവെള്ള കമ്പനികളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സപ്ലൈകോ 11 രൂപയ്ക്ക് കുപ്പിവെള്ളം വിപണിയിലെത്തിക്കാന്‍ തയാറാവുമ്പോഴും ഇത് എത്രകണ്ട് മുന്നോട്ടുപോകുമെന്നത് കണ്ടറിയണം.
ഇത്തവണ ജയില്‍ വകുപ്പിന്റെ 10 രൂപയ്ക്കുള്ള കുടിവെള്ളവും ചിലയിടങ്ങളില്‍ വിതരണം നടത്തിയിരുന്നു. അര ലിറ്ററിന്റെ 10 രൂപയുടെ ബോട്ടിലുകള്‍ അത്യാവശ്യമാത്രമാണ് വിപണിയിലുള്ളത്. 300 മില്ലി ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിവെള്ളം കൂടുതലായും കല്ല്യാണം, വിവിധ ആഘോഷ പരിപാടികള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് 20 ലിറ്ററിന്റെ കുപ്പിവെള്ളവും പൊടിപൊടിക്കുന്നത്. കഴിഞ്ഞ സീസണില്‍ 40-45 രൂപയുണ്ടായിരുന്ന 20 ലിറ്റര്‍ ബോട്ടിലിന് ഇപ്പോള്‍ 50 രൂപയാണ് വില. 70 രൂപയാണ് ഇതില്‍ മിക്ക കമ്പനികളും വില രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍ കനത്തതോടെ ഓഫീസുകളില്‍ ഇത്തരം ക്യാനുകള്‍ക്ക് കൂടുതല്‍ ചെലവാണുള്ളത്.
ഒന്ന്, രണ്ട് ലിറ്റര്‍ വെള്ളം നിര്‍മിക്കുന്ന കമ്പനികള്‍ക്കു പുറമെ 20 ലിറ്റര്‍ വെള്ളം നിര്‍മിക്കുന്ന കമ്പനികളും നിരവധിയാണ്. എന്നാല്‍ ഇത്തരം വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യുന്നതാകട്ടെ പല നിയമങ്ങളും കാറ്റില്‍ പറത്തിയാണ്. വെയില്‍ തട്ടാതെ വേണം ബോട്ടിലുകള്‍ വിതരണം ചെയ്യേണ്ടതെന്ന മാനദണ്ഡമൊക്കെ കാറ്റില്‍ പറക്കുകയാണ്.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ സൂര്യപ്രകാശം തട്ടുന്നതു വഴി ചൂടാകുന്ന വെള്ളം കുടിക്കുന്നതു മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനം പറയപ്പെടുന്നത്. ഏതായാലും ഇതൊന്നും അറിയാതെയും അറിഞ്ഞും നടപ്പിലാക്കുന്ന വെള്ളത്തിന് സംസ്ഥാനത്തെ വേനല്‍ കനക്കുന്നതോടെ ദാഹമകറ്റാന്‍ ജനം കുപ്പിവെള്ളത്തിനായി ഓടുമ്പോഴും അത് മുതലാക്കി കുപ്പിവെള്ള കമ്പനികള്‍ കൊയ്യുന്നത് കോടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."