HOME
DETAILS
MAL
വര്‍ഗീസ് ജോര്‍ജ് പിന്‍മാറി; ശ്രേയാംസ്‌കുമാര്‍ പ്രസിഡന്റായി തുടരും
backup
July 17 2020 | 02:07 AM
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ (എല്‍.ജെ.ഡി) ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കേന്ദ്ര കമ്മിറ്റി നിയമിച്ച ഡോ. വര്‍ഗീസ് ജോര്‍ജ് സ്ഥാനമേറ്റെടുക്കില്ലെന്ന് അറിയിച്ചു. സംസ്ഥാന പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാര്‍ തുടരും.
സംസ്ഥാന പ്രസിഡന്റായി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജിനെ കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് സംഘടനയില്‍ പ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാന പ്രസിഡന്റായിരുന്ന എം.വി ശ്രേയാംസ് കുമാറിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി നിയമിച്ചാണ് വര്‍ഗീസ് ജോര്‍ജിന് സംസ്ഥാന പ്രസിഡന്റ് പദം നല്‍കിയത്. ഇതു പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പിനു കാരണമായി. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ വര്‍ഗീസ് ജോര്‍ജിനെ പ്രസിഡന്റാക്കിയതില്‍ വവലിയ പ്രതിഷേധം ഉയര്‍ന്നു. ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, എല്‍.ജെ.വൈ.ഡി ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ കേന്ദ്ര തീരുമാനത്തിനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യുന്നതിനു ഇന്നലെ സംസ്ഥാന ഭാരവാഹികളുടെ യോഗം ശ്രേയാംസ്‌കുമാര്‍ വിഭാഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു.
പാര്‍ട്ടിക്കകത്ത് പ്രതിഷേധസ്വരം ഉയര്‍ന്നതോടെ ഇന്നലെ രാവിലെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് വര്‍ഗീസ് ജോര്‍ജ് അറിയിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇന്നലെ ചേര്‍ന്ന ഭാരവാഹിയോഗം ശ്രേയാംസ്‌കുമാറിന് പിന്തണു പ്രഖ്യാപിക്കുകയും ചെയ്തു. എല്‍.ജെ.ഡിയുടെ സംസ്ഥാന ഘടകം ജെ.ഡി.എസില്‍ ലയിക്കുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമാക്കിയിരുന്നു. വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ലയനത്തിന് എതിരാണ്. ലയനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് കോഴിക്കോട്ട് നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഉപസമിതി ചര്‍ച്ച പൊളിയാന്‍ കാരണമായത്. നേരത്തെ ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെ.ഡി.എസിനും വര്‍ക്കിങ് പ്രസിഡന്റ്, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എല്‍.ജെ.ഡിക്കും നല്‍കാമെന്നായിരുന്നു ധാരണ.
എന്നാല്‍ ലയന ഉപസമിതി ചര്‍ച്ചയില്‍ എല്‍.ജെ.ഡി വിഭാഗം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് പിടിമുറുക്കുകയായിരുന്നു. ലയന ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് എല്‍.ജെ.ഡിയില്‍ പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത്.
നേരത്തെ വര്‍ഗീസ് ജോര്‍ജിന്റെ പേരും എല്‍.ജെ.ഡി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം നടത്തിയ ഹിതപരിശോധനയില്‍ ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ ശ്രേയാംസ്‌കുമാറിനൊപ്പമാണ് നിന്നിരുന്നത്. അതോടെ ശ്രേയാംസിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."