പ്രത്യാശ നല്‍കുന്ന ഫ്രഞ്ച് ജനവിധി
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടുകള്‍ എണ്ണിയപ്പോള്‍ മുന്‍ ധനമന്ത്രിയും മിതവാദ നിലപാടുകാരനായ ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ നേതാവായ മരിന്‍ ലെ പെന്നും അവസാന റൗണ്ടിലെത്തി. മെയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കും. യാഥാസ്ഥിക വലതുപക്ഷത്തുള്ള ഫ്രാന്‍സ്വെ ഫിയന്നും ഇടതുപക്ഷത്തെ ഴാങ് ലുക്കുമായിരുന്നു മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത്. ഐ.എസ് ഭീകരരുടെ ആക്രമണത്തിന്റെ നടുക്കം നിലനില്‍ക്കെ കനത്തസുരക്ഷയിലായിരുന്നു ഞായറാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. രാജ്യത്തൊട്ടാകെ 6,6500 പോളിങ് സ്റ്റേഷനുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് . 69.42 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പതിനൊന്ന് സ്ഥാനാര്‍ഥികളായിരുന്നു. മത്സരരംഗത്തുണ്ടായിരുന്നത്. 2012 ല്‍ ഫ്രാന്‍സില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് 73.8 ശതമാനം ആയിരുന്നു.
ഭീകരാക്രമണത്തെ തുടര്‍ന്ന് 18 മാസത്തോളം ഫ്രാന്‍സില്‍ അടിയന്തരാവസ്ഥയായിരുന്നു. 2015 നവംബറിലെ പാരിസ് ഭീകരാക്രമണമായിരുന്നു ഇതിന് കാരണം. പിന്നീടുണ്ടായ ഓരോ ഭീകരാക്രമണവും അടിയന്തരാവസ്ഥ തുടരാന്‍ കാരണമായി. ഫ്രാന്‍സിനെ പിടികൂടിയിരിക്കുന്ന ഈ അരക്ഷിതാവസ്ഥയിലൂന്നിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണവും നീങ്ങിയത്. 1958ല്‍ ഫ്രഞ്ച് ഭരണഘടന നിലവില്‍വന്നശേഷം ഇതുവരെ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളെ മാറിമാറി അധികാരത്തിലേറ്റിയ ചരിത്രമാണ് ആ രാജ്യത്തിനുള്ളത്. 11 സ്ഥാനാര്‍ഥികളാണ് ആദ്യവട്ടമത്സരത്തിന് യോഗ്യത നേടിയിരുന്നത്. അതിവലതുകക്ഷിയായ നാഷനലിസ്റ്റ് പാര്‍ട്ടിയുടെ മരിന്‍ ലെ പെന്‍, എന്‍ മാര്‍ഷ് എന്ന പുതുപ്രസ്ഥാനത്തിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, തീവ്ര ഇടതുനിലപാടുകാരന്‍ ഴാങ് ലൂക് മെലന്‍ഷോണ്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാന്‍സ്വെ ഫിയന്‍ എന്നിവര്‍ തമ്മിലായിരുന്നു ഒന്നാംഘട്ടത്തിലെ പ്രധാനമത്സരം.
മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥി മാക്രോണിന് 24.01 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ തീവ്രവലതുപക്ഷ നാഷനല്‍ ഫ്രന്റ് സ്ഥാനാര്‍ഥി ലെ പെന്‍ നേടിയത് 21.30 ശതമാനം വോട്ട്. വലതുപക്ഷ സ്ഥാനാര്‍ഥി ഫ്രാന്‍സ്വെ ഫിയന്നും (20.01 ശതമാനം) ഇടതു സ്ഥാനാര്‍ഥി ഴാങ് ലൂക് മെലന്‍ഷോണും (19.58 ശതമാനം) ഉള്‍പ്പെടെ ഒന്‍പതു സ്ഥാനാര്‍ഥികളാണു കളമൊഴിഞ്ഞത്. മെയ് ഏഴിനു മാക്രോണ് വോട്ടു ചെയ്യാനാണ് ഫിയന്നും സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ബന്വാ ഹാമോയും അനുയായികളോടു നിര്‍ദേശിച്ചിരിക്കുന്നത്. ഫ്രഞ്ച് രാഷ്ട്രീയം അറുപതാണ്ട് അടക്കിവാണ ഇടതു, വലതു പാര്‍ട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാര്‍ട്ടികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്നത് ഇതാദ്യം. എന്നാല്‍, പ്രസിഡന്റായാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയെന്ന വന്‍ വെല്ലുവിളി മാക്രോണിനും ലെ പെന്നിനും മുന്നിലുണ്ട്.
ട്രംപിന്റെ നിലപാടുകള്‍ക്ക് സദൃശമായ നിലപാടുകളുള്ള വ്യക്തിയാണ് നാല്‍പ്പത്തിയെട്ടുകാരിയായ മരിന്‍. പോരാത്തതിന് യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ഫ്രാന്‍സിന്റെ വിടുതല്‍ (ഫ്രെക്‌സിറ്റ്) ആഗ്രഹിക്കുന്നവരും. യൂറോപ്യന്‍ യൂനിയനിലും യൂറോപ്പിലും ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലിന് ബദലാണ് താനെന്ന് വിശ്വസിക്കുന്നു അവര്‍. കുടിയേറ്റം അവസാനിപ്പിക്കണം. മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കണം. യൂറോ ഉപേക്ഷിച്ച് ഫ്രാങ്കിനെ നാണയമാക്കണം. മരിന്റെ സ്വപ്നം ഇതൊക്കെയാണ്. വംശവെറിയുടെ പ്രതീകമായാണ് അവര്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. ഒരുവര്‍ഷം പോലും പ്രായമില്ലാത്ത ഒന്‍ മാര്‍ഷല്‍ പ്രസ്ഥാനവുമായി കടന്നുവന്ന ധനകാര്യവിദഗ്ധനായ മാക്രോണ്‍ രണ്ടാംറൗണ്ടില്‍ വിജയം പ്രതീക്ഷിക്കുന്നു. മാറിയ ലോകക്രമത്തില്‍ ഫ്രാന്‍സിന്റെ യശസ്സ് ഉയര്‍ത്താന്‍ മാക്രോണ്‍ അനിവാര്യമാണെന്ന് ഫ്രഞ്ചുകാര്‍ വിശ്വസിക്കുന്നു. ലോകജനതയും ഒരര്‍ഥത്തില്‍ ആഗ്രഹിക്കുന്നത് മാക്രോണിനെയാണ്. അതിന്റെ സൂചനയാണ് കഴിഞ്ഞദിവസത്തെ ഓഹരിവിപണിയിലെ കുതിപ്പ്. ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇമ്മാനുവല്‍ മാക്രോണ്‍ മുന്നേറിയെന്ന വാര്‍ത്ത വന്നതോടെ യു.എസ്, യൂറോപ്യന്‍ വിപണികള്‍ നേട്ടമുണ്ടാക്കി. ഈ വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഗുണം ചെയ്തത്.
നാഷനല്‍ ഫ്രന്റ് എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ കടുംപിടിത്തക്കാരിയായ നേതാവ് മരിന്‍ ലെ പെന്നുമായി മാക്രോണിന്റെ കടുത്ത മത്സരം അക്ഷരാര്‍ഥത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റാണ്. എല്ലാ മതസ്ഥര്‍ക്കും തുല്യ പരിഗണനയോടെ ജീവിക്കാന്‍ അനുവദിക്കുകയെന്ന യൂറോപ്യന്‍ പാരമ്പര്യത്തിന്റെ പൊതുതത്വം അന്യംനിന്നുപോയെങ്കിലും ഫ്രാന്‍സില്‍ ആ ആശയമാണ് മാക്രോണ്‍ പ്രചാരണത്തിന് ഉയര്‍ത്തിയത്. കലുഷിതമായതും ഐ.എസ് പോലുള്ള ഭീകരവാദികള്‍ക്ക് എളുപ്പം ആക്രമണം നടത്താനാകുന്നതുമായ സാമൂഹിക അവസ്ഥയില്‍ മാക്രോണ്‍ പരാജയപ്പെടുമെന്ന് മിക്കരും ഉറപ്പിച്ചു. അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷയില്‍ ആറുമാസത്തിനകം തീരുമാനം, ശിരോവസ്ത്ര നിരോധനം നീക്കും മതേതര ജീവിതത്തിന് മുന്‍ഗണന, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയ പ്രചാരണങ്ങളാണ് മാക്രോണ്‍ ഉയര്‍ത്തിയത്. ഇതിന് കിട്ടിയ ജനപിന്തുണയാണ് മാക്രോണിന്റെ വിജയം. നെതര്‍ലന്റ്‌സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് ഗീര്‍ത് വൈല്‍ഡേഴ്‌സിനു പരാജയം സമ്മതിക്കേണ്ടി വന്നതുപോലെ അവസാന വോട്ടെടുപ്പില്‍ നാഷനല്‍ ഫ്രന്റ്സ്ഥാനാര്‍ഥി മാരിന്‍ ലെ പെന്‍ പരാജയപ്പെടുമെന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
കടുത്തവംശീയതയില്‍ പൊറുതിമുട്ടുന്ന യൂറോപ്പിന് വിമോചനത്തിന്റെ വിപ്ലവഗീതം മുഴക്കാനും കൂടുതല്‍ രാജ്യങ്ങളിലേക്ക് തീവ്രവിരുദ്ധ നിലപാടുകളുമായി മുന്നേറാനും ഫ്രഞ്ച് തെരഞ്ഞെടുപ്പ് നിമിത്തമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."