മലേഗാവ് സ്‌ഫോടനം: ഉപാധികളോടെ പ്രഗ്യാസിങ് താക്കൂറിന് ജാമ്യം
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ് താക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യം കോടതി തള്ളുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുകയിലും പാസ്‌പോര്‍ട്ട് എന്‍.ഐ.എക്ക് നല്‍കണമെന്ന വ്യവസ്ഥയിലുമാണ് പ്രഗ്യാസിങിന് ജാമ്യം അനുവദിച്ചത്.
എട്ട് വര്‍ഷമായി രണ്ട് പ്രതികളും ജയിലിലാണ്. അടുത്തിടെ സാധ്വി പ്രഗ്യാസിങിനെ ചികില്‍സക്കായി ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിചാരണ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രഗ്യാസിങ് ഹൈക്കോടതിയെ സമീപിച്ചത്.
2008 സെപ്റ്റംബര്‍ 29 നായിരുന്നു മലേഗാവ് സ്‌ഫോടനം. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100ലധികംപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം ന്യൂനപക്ഷങ്ങളെയാണ് സംശയിച്ചിരുന്നത്.
പിന്നീടുള്ള അന്വേഷണത്തിലാണ് ഹിന്ദു തീവ്രവാദ സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രഗ്യാസിങും പുരോഹിതും അടക്കമുള്ളവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
2009 ജനുവരിയില്‍ പ്രതികള്‍ക്കെതിരേ മക്കോക്ക നിയമം ചുമത്തി. 2011ലാണ് ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട എല്ലാ കേസുകളും എന്‍.ഐ.എക്ക് കൈമാറിയത്.
പ്രഗ്യാസിങ്ങിന് ക്ലീന്‍ചിറ്റ് നല്‍കിയാണ് നേരത്തെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇവരെ കൂടാതെ ശ്യാം സാഹു. ശിവനാരായണ്‍ കല്‍സംഗ്ര, പ്രവീണ്‍ തക്കല്‍കി എന്നിവരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ മുംബൈയിലെ പ്രത്യേക വിചാരണക്കോടതി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."