നഗരത്തില്‍ ഹൈടെക് ബസ് സ്റ്റോപ്പ് ഒരുങ്ങുന്നു
കണ്ണൂര്‍: യാത്രക്കാര്‍ക്കായി നഗരത്തില്‍ ഹൈടെക് ബസ് സ്റ്റോപ്പ് ഒരുങ്ങുന്നു. അഞ്ച് ലക്ഷം രൂപ വീതം ചിലവഴിച്ച് എം.പി പി.കെ ശ്രീമതിയുടെ ഫണ്ടില്‍ നിന്നുമാണ് നഗരത്തില്‍ മൂന്ന് ഹൈടെക് ബസ് സ്റ്റോപ്പുകള്‍ ഒരുക്കുന്നത്. എന്‍.എച്ച് പി.ഡബ്യൂ.ഡി വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍, പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളജിന്റെ പരിസരം. മുനീശ്വരം കോവില്‍ പരിസരം എന്നിവിടങ്ങളിലാണ് ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ മുനീശ്വരം കോവില്‍ സമീപത്ത് സ്ഥാപിക്കുന്ന ബസ് സ്റ്റോപ്പ് സ്ഥല പരിമിതി മൂലം തടസപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശത്ത് ബസ് സ്റ്റോപ്പിന് ആവശ്യമായ സ്ഥലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പദ്ധതി മാറ്റിയത്. അനിയോജ്യമായ മറ്റൊരു സ്ഥലത്ത് ഈ ബസ് സ്റ്റോപ്പിന് സ്ഥാപിക്കും. അത്യാധുനീക സംവിധാനത്തോടെയാണ് ബസ് സ്റ്റോപ്പ്. വൈഫൈ ഉപയോഗിക്കുന്നതിനുള്ള സൗകര്യം, റേഡിയോ, പത്രമാസികകള്‍ വെക്കുന്നതിനുള്ള സ്റ്റാന്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജര്‍ സൗകര്യം, ടി.വി സ്ഥാപിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണം, സി.സി.ടി.വി കാമറകള്‍ എന്നിവയാണ് ഒരുക്കുന്നത്. ടി.വി, പത്ര മാസികകള്‍ എന്നിവ സന്നദ്ധ സംഘടനകള്‍ വഴി ബസ് സ്റ്റോപ്പില്‍ എത്തിക്കും. വൈഫൈ സംവിധാനം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ആയിരിക്കും. ഒരു മാസം കൊണ്ട് ഗാന്ധി സര്‍ക്കിളിലെയും പള്ളിക്കുന്നിലെയും ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."