വീട്ടമ്മമാരുടെ കഴുത്തിനു കത്തിവച്ച് കവര്‍ച്ച: അന്വേഷണം ജയിലില്‍ നിന്നിറങ്ങിയ കവര്‍ച്ചക്കാരെ കേന്ദ്രീകരിച്ച്
ബദിയഡുക്ക: വീട്ടമ്മമാരുടെയും കുട്ടികളുടെയും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ഏഴര പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്വേഷണം ജയിലില്‍ നിന്നിറങ്ങിയ കവര്‍ച്ചക്കാരെ കേന്ദ്രീകരിച്ച്. കവര്‍ച്ചാ കേസില്‍ ജയിലിലടക്കപ്പെടുകയും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയും ചെയ്തവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. കവര്‍ച്ച സംബന്ധിച്ച് പൊലിസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ച രണ്ടരയ്ക്കാണ് നെല്ലിക്കട്ട ചൂരപ്പള്ളയിലെ ബീരാന്‍ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബീവി എന്നിവരെയും മറിയംബീവിയുടെ മക്കളെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയത്. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തിയശേഷം വീട്ടമ്മമാര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങുകയായിരുന്നു. മുഖംമൂടി ധരിച്ച ഒരാളാണ് കവര്‍ച്ച നടത്തിയത്. എന്നാല്‍ കവര്‍ച്ചക്കു പിന്നില്‍ ഒരാള്‍ മാത്രമായിരിക്കില്ലെന്നാണ് സൂചന. ഒന്നോ രണ്ടോ പേര് കവര്‍ച്ച നടന്ന വീടിനു പുറത്തു നിരീക്ഷകരായി ഉണ്ടായിരിക്കാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് ഇന്നലെ അന്വേഷക സംഘത്തെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വീടിന്റെ ദ്രവിച്ച ജനല്‍ ഇളക്കിമാറ്റിയാണ് മോഷ്ടാവ് വീടിനകത്തു കയറിയത്. മെലിഞ്ഞ ശരീരമുള്ള ഒരാളാണ് കവര്ച്ചക്കാരനെന്നും തനി കാസര്കോടന്ഭാഷയാണ് അയാള്‍ സംസാരിച്ചതെന്നും വീട്ടമ്മമാരുടെ മൊഴിയിലുണ്ട്.
ബൈക്കില്‍ തന്നെയാണ് കവര്‍ച്ചക്കെത്തിയയാള്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയെന്നുള്ളതിനാല് പ്രധാനസ്ഥലങ്ങളിലെ സി.സി.ടി.വി കാമറകള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."