കെട്ടിടത്തിലെ വാട്ടര്‍ ടാങ്ക് വീണ് മൂന്നു കാറുകള്‍ തകര്‍ന്നു
കണ്ണൂര്‍: നഗരമധ്യത്തില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന്‌വീണ് മൂന്നു കാറുകള്‍ തകര്‍ന്നു. സമീപ കെട്ടിടത്തിലെ ക്ലിനിക്കിന് കേടുപാട് സംഭവിച്ചു. അപകടത്തില്‍ ആളപായമില്ല. തകര്‍ന്ന കാറുകളിലൊന്നില്‍ ഉടമ ഉണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.45ഓടെയായിരുന്നു അപകടം. അഞ്ചു നിലകളുള്ള കെട്ടിടത്തിലെ അവസാനത്തെ രണ്ടു നിലകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
അഞ്ചാംനിലയുടെ മുകളിലാണു വാട്ടര്‍ ടാങ്ക് നിര്‍മിച്ചത്. ചെങ്കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ടാങ്ക് ആവശ്യത്തിനു ബലപ്പെടുത്തിയിരുന്നില്ലന്നാണു വിവരം. ശേഷിയിലധികം വെള്ളം നിറഞ്ഞതോടെ ടാങ്ക് സ്‌ഫോടനമുണ്ടായതു പോലെ തകരുകായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളവും ചെങ്കല്ലുകളും തെറിച്ചുവീണാണു കാറുകള്‍ തകര്‍ന്നത്. കെ.എല്‍ 12 ഡി 4858 ടാറ്റാ ഇന്‍ഡിഗോ കാര്‍, വള്ളിത്തോട്ടെ ടി.ടി മാത്യുവിന്റെ കെ.എല്‍. 58 എന്‍ 744 സിഫ്റ്റ് ഡിസയര്‍, സന്ദീപിന്റെ കെ.എല്‍. 60 സി 60 സിഫ്റ്റ് ഡിസയര്‍ കാറുകളാണു തകര്‍ന്നത്. ചേംബര്‍ കെട്ടിടത്തോടു ചേര്‍ന്നുള്ള ചേംബര്‍ പ്ലാസ കെട്ടിടത്തിലെ ഡോ. ഷബീറിന്റെ ഡയാ കെയര്‍ ക്ലിനിക്കിന്റെ രണ്ടു മുറികള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന്റെ സണ്‍ഷേഡും തകര്‍ന്നു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വെള്ളം വീണ് തീപ്പൊരി തെറിച്ച് അപകടാന്തരീക്ഷം ഉണ്ടായി. കണ്ണൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്നെത്തിയ ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ടൗണ്‍ പൊലിസും സ്ഥലത്തെത്തി. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വടക്കന്‍മേഖലാ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം നടന്ന കെട്ടിടമാണിത്.
തകര്‍ന്ന കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തായിരുന്നു മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവിന്റെയും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെയും കാറുകള്‍ നിര്‍ത്തിയിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."