സ്ഥാനാര്‍ഥി ഇല്ലാതെ ബി.ജെ.പി
കോഴിക്കോട്: വോട്ടഭ്യര്‍ഥിച്ച് പ്രധാനമന്ത്രി തന്നെ എത്തുമ്പോള്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ല. നാളെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി കോഴിക്കോട്ടെത്തുമ്പോള്‍ കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ജയിലിലായതിനാല്‍ റാലിയില്‍ പങ്കെടുക്കാനാവില്ല.
ദുര്‍ബല സ്ഥാനാര്‍ഥിയെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നതിനു പിന്നാലെ സ്ഥാനാര്‍ഥിയുടെ സാന്നിധ്യം മണ്ഡലത്തിലില്ലാത്തത് ബി.ജെ.പിക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് നരേന്ദ്ര മോദി എത്തുന്നത്.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. എന്നാല്‍ കോഴിക്കോട് മണ്ഡലം സസ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിനു മാത്രം റാലിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മോദി പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പൊതുയോഗമാണിത്.
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ ജയിലിലായ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന്റെ റിമാന്‍ഡ് കാലാവധി ഇന്നലെ കോടതി വീണ്ടും നീട്ടിയിരുന്നു.
ഈ മാസം 24 വരെയാണ് നീട്ടിയത്. ഇന്ന് ഹൈക്കോടതി പ്രശാന്ത് ബാബുവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ബി.ജെ.പി കോഴിക്കോട്ട് കനത്ത പ്രതിസന്ധി നേരിടാനാണ് സാധ്യത. ഇപ്പോള്‍ സ്ഥാനാര്‍ഥിക്കു വേണ്ടി അദ്ദേഹത്തിന്റെ മുഖം മൂടിയണിഞ്ഞ് പ്രവര്‍ത്തകരാണ് വോട്ടഭ്യര്‍ഥിക്കുന്നത്. എന്നാല്‍ ആദ്യത്തെ ആവേശമൊക്കെ ചോര്‍ന്നതോടെ എന്‍.ഡി.എയുടെ പ്രചാരണത്തെയും സ്ഥാനാര്‍ഥിയുടെ അസാന്നിധ്യം ബാധിച്ചിരിക്കുകയാണ്.
ജയിലില്‍ കിടന്നിട്ടാണെങ്കിലും പ്രകാശ് ബാബു തന്നെ മത്സരിക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം തെറ്റായെന്ന വാദവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. കനത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കോഴിക്കോട്. ഇവിടെ സ്ഥാനാര്‍ഥിയില്ലാതെപോയത് ദോഷകരമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.
അതേസമയം മോദി പങ്കെടുക്കുന്ന എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുസമ്മേളനം നാളെ വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രത്യേക വിമാനത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ആറു മണിക്ക് റോഡ് മാര്‍ഗം 'വിജയ് സങ്കല്‍പ്പ റാലി' നടക്കുന്ന കോഴിക്കോട് കടപ്പുറത്തെത്തും. ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മോദി കരിപ്പൂര്‍ നിന്ന് 7.30ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു തിരിക്കും.
പൊതുസമ്മേളനത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ റാലിയില്‍ സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രകാശ് ബാബുവിന്റെ
ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
കൊച്ചി: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.കെ പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.
ശബരിമല മണ്ഡലകാല ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ ആക്രമിച്ചതിനാണ് പ്രകാശ് ബാബു അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ കെ. സുരേന്ദ്രനും വത്സല്‍ തില്ലങ്കേരിയുള്‍പെടെയുള്ളവര്‍ ജാമ്യത്തിലാണെന്നും പ്രകാശ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പമ്പ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാന്നി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."