മൊഞ്ചാകാന്‍ ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ്
ബാലുശ്ശേരി: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ മുഖച്ഛായ മാറ്റുന്നതിന് 1.66 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചു. നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക സംവിധാനങ്ങളോടു കൂടിയാണ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൂര്‍ണമായും പൊളിച്ചു മാറ്റും. പ്രവേശന കവാടം, വെയ്റ്റിങ് ഷെഡ്, ടോയ്‌ലറ്റ് സംവിധാനം, പൊലിസ് എയ്ഡ് പോസ്റ്റ് തുടങ്ങി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഭൗതിക സാഹചര്യം ഒരുക്കിയാണ് ബസ് സ്റ്റാന്‍ഡ് നവീകരണം നടത്തുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. 16ന് പ്രവൃത്തി ആരംഭിക്കും. എട്ടു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അതേസമയം ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തി നടക്കുമ്പോഴുള്ള ഗതാഗത നിയന്ത്രണം ബാലുശ്ശേരി പൊലിസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. സ്റ്റാന്‍ഡിനുള്ളിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
കോഴിക്കോട്, താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ അരോമ ടെക്സ്റ്റയില്‍സിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റും. കൊയിലാണ്ടി കൂരാച്ചുണ്ട് ഭാഗത്തേക്കുള്ള ബസുകള്‍ക്ക് അധികനേരം പാര്‍ക്കിങ് അനുവദിക്കില്ല.
അതേസമയം സ്റ്റാന്‍ഡിനകത്തെ കെട്ടിട ഉടമകളുമായി സംസാരിച്ച് പ്രതിമാസ വാടകയില്‍ കുറവു വരുത്തുന്നതിനും പഞ്ചായത്തില്‍ അടക്കേണ്ടതായ നികുതിയില്‍ കുറവു വരുത്തുന്നതിനുമുള്ള നടപടികളെക്കുറിച്ച് പഞ്ചായത്ത് ആലേചിച്ചുവരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, സെക്രട്ടറി സി.പി സതീശന്‍, വൈസ് പ്രസിഡന്റ് കെ. ശ്രീജ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ പരീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പെരിങ്ങിനി മാധവന്‍, പഞ്ചായത്തംഗങ്ങളായ റീജ കണ്ടോത്തുകുഴി, സുമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."