തണ്ണീര്‍ത്തട സംരക്ഷണ നിയമം: ആശങ്കപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി
കൊച്ചി: തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. നിയമ ഭേദഗതി വ്യക്തമായി പഠിക്കാത്തവരാണ് നിയമത്തെ എതിര്‍ക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നു ലക്ഷം ഹെക്ടര്‍ ആയി ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലടി കൃഷിഭവന്റെ പുതിയ ഓഫിസ് മിനി സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കൃഷിഭവനുകളില്‍ ശാസ്ത്രീയമായ നൂതന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി മുഴുവന്‍ ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കും. ഇതിന്റെ കീഴില്‍ കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാര്‍ഷിക കര്‍മസേനകള്‍ക്ക് പത്തുലക്ഷം രൂപ വരെ ധനസഹായം നല്‍കും. ഒന്‍പത് ലക്ഷം രൂപ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും ഒരു ലക്ഷം രൂപ പരിശീലനത്തിനുമാണ് വിനിയോഗിക്കേണ്ടത്. ഇത് കര്‍ഷകര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സഹായിക്കും. അടുത്ത വര്‍ഷത്തോടെ മുഴുവന്‍ ബ്ലോക്കുകളിലും കര്‍മസേനകളുടെ രൂപീകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കൃഷിഭവനുകള്‍ക്ക് 30 വയസ് പൂര്‍ത്തിയായി. ഇടമലക്കുടിയില്‍ കൃഷിഭവന്‍ വന്നതോടെ മുഴുവന്‍ പഞ്ചായത്തുകളിലും കൃഷിഭവന്‍ ആരംഭിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കൃഷിഭവനുകളോടൊപ്പം അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. കൃഷി ഭവനുകള്‍ കേവലം സബ്‌സിഡി നല്‍കുന്ന ഇടങ്ങളായ് മാറാതെ കര്‍ഷക സേവന കേന്ദ്രങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. മണ്ണു പരിശോധന മുതല്‍ കീടനിയന്തണം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് അഗ്രോ ക്ലിനിക്കുകള്‍ പരിഹാരമുണ്ടാക്കും. ഈ വര്‍ഷം 500 കൃഷിഭവനുകളില്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു കൊല്ലം കൊണ്ട് മുഴുവന്‍ കൃഷി ഭവനുകളിലും ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത് കാര്‍ഡിന്റെ വിതരണം വിജയകരമായി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ വളപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിനാണിത്. മലയാളിയുടെ തനതായ കാര്‍ഷിക ചക്രം പുനസ്ഥാപിക്കാനാണ് ഞാറ്റുവേല ചന്തകള്‍ ഒരുക്കുന്നത്. കര്‍ഷകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും മുഴുവന്‍ കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനുമാണ് കര്‍ഷക സഭകള്‍ നടത്തുന്നത്. ഇതിലൂടെയെല്ലാം കാര്‍ഷികമേഖലയെ ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാലടി നാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോജി എം ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ തുളസി, കൃഷി ഓഫീസര്‍ ബി ആര്‍ ശ്രീലേഖ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹന്‍ , സാംസണ്‍ ചാക്കോ, കാലടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."