മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലിറങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച 75.26 ലക്ഷം രൂപ വില വരുന്ന 2.5 കിലോ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണു സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളക്കടത്തുകാരെ മുന്‍കൂറായി വിവരമറിയിച്ചതിനും സ്വര്‍ണം കൈമാറാന്‍ സഹായിച്ചതിനുമാണ് അറസ്റ്റ്. ദുബൈയില്‍ നിന്നു മുംബൈയിലിറങ്ങിയ ശേഷം, ആഭ്യന്തര സര്‍വിസ് ആയി മംഗളൂരുവിലെത്തിയ വിമാനത്തില്‍ നിന്നാണു കഴിഞ്ഞദിവസം സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണവുമായി ദുബൈയില്‍നിന്നു കയറുന്ന കാരിയര്‍, സ്വര്‍ണം സീറ്റിനടിയില്‍ ഒളിപ്പിച്ച ശേഷം മുംബൈയിലിറങ്ങുകയാണ് പതിവ്. മംഗളൂരുവിലെത്തുന്ന വിമാനത്തില്‍നിന്നു സ്വര്‍ണമെടുത്ത് സ്പൈസ് ജെറ്റിലെ ചില ജീവനക്കാര്‍ കള്ളക്കടത്തുകാര്‍ക്കു കൈമാറുകയാണു ചെയ്യുന്നതെന്നു ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് ആറു തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി ജീവനക്കാര്‍ സമ്മതിച്ചുവെന്നും ഡി.ആര്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."