സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്റെ കട ഉദ്ഘാടനത്തിന് പോയത്: വിശദീകരിച്ച് സ്പീക്കര്‍
തിരുവനന്തപുരം: സഭാ സമ്മേളനത്തിനിടയല്ല സന്ദീപിന്റെ കട ഉദ്ഘാടനത്തിന് പോയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കട ഉദ്ഘാടനത്തിന് പോയത് സഭാ സമ്മേളനത്തിന് ശേഷമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സഭ പിരിയുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടാണ് അദ്ദേഹം വിശദീകരണം നടത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കുകയായിരുന്നു പ്രത്യേക സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാര്‍ സര്‍വിസിലെ പട്ടിക ജാതി പട്ടിക വര്‍ഗ സംവരണ കാലാവധി നീട്ടുന്നതിനുള്ള പ്രമേയവും നിയമ നിര്‍മ്മാണ സഭകളിലെ ആംഗ്ലോഇന്ത്യന്‍ പ്രാതിനിധ്യം എടുത്തു കളഞ്ഞതിനെരായ പ്രമേയവും സഭ പരിഗണിച്ചിരുന്നു. 12.38 ന് സമ്മേളനം അവസാനിക്കുമ്പോഴും സ്പീക്കര്‍ ഡയസ്സിലുണ്ടായിരുന്നെന്നാണ് വീഡിയോയില്‍ വ്യക്തമാവുന്നത്.
ഡിസംബര്‍ 31ന് കാര്‍ബണ്‍ ഡോക്ടര്‍ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്പീക്കര്‍ക്കൊപ്പം സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിനിടെ സ്പീക്കര്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തി എന്ന ആരോപണങ്ങളുയര്‍ന്നത്.
ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത് സ്വപ്‌നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരിലുള്ള മറ്റ് ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."